റോഡിലെ മരണക്കെണി: കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ലോറിക്കടിയില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം

റോഡിലെ മരണക്കെണി: കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ലോറിക്കടിയില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ്‌കുമാര്‍ (28)ആണ് മരിച്ചത്. ആലപ്പുഴ -പുന്നപ്ര ദേശീയ പാതയിലാണ് അപകടം. സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസില്‍ തട്ടി ലോറിക്കടിയില്‍ പെടുകയായരുന്നു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആലപ്പുഴ ദേശീയ പാതയില്‍ നിരവധി കുഴികളാണുള്ളത്. റോഡിലെ കുഴികള്‍ മൂടാത്തതിന് രൂക്ഷ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി കുഴികള്‍ ഉടന്‍ അടയ്ക്കണമെന്ന് കഴിഞ്ഞ ദിവസവും നിര്‍ദ്ദേശം നല്‍കിയിരുന്നു. കുഴിയടയ്ക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും നടപടികള്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം നിരവധിയാണ്.

കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായിരുന്നു. കുഴികള്‍ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അമിക്കസ്‌ക്യൂറി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദ്ദേശം നല്‍കിയത്.
ദേശീയപാതാ അതോറിറ്റിയുടെ കേരള റീജണല്‍ ഹെഡിനും പാലക്കാട് പ്രൊജക്ട് ഡയറക്ടര്‍ക്കുമാണ് അമിക്കസ്‌ക്യൂറി വഴി നിര്‍ദേശം നല്‍കിയത്. ജോലികള്‍ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞുവെന്ന് അന്ന് ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചിരുന്നു.

റോഡില്‍ കുഴികള്‍ ഉണ്ടായിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ ഉന്നയിച്ചത്. റോഡിലെ കുഴികള്‍ ജനങ്ങള്‍ ഉണ്ടാക്കുന്നതല്ല, റോഡിലെ നിയമ ലംഘനം ജനങ്ങള്‍ സ്വമേധയാ നടത്തുന്നതുമല്ല. റോഡ് സുരക്ഷ ജനങ്ങളുടെ മേല്‍ അടിച്ചേലപിക്കുന്നതല്ല. ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ണടക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ കുഴികളും അതോടൊപ്പം തന്നെ അപകടങ്ങളും ഉണ്ടാകുന്നത്. കുഴിയില്‍ വീഴാതെ ഒഴിഞ്ഞുമാറിയല്ല ഡ്രൈവിങ് പഠിക്കേണ്ടത് എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

റോഡ് സേഫ്റ്റിയുടെ കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. റോഡിലെ കുഴി മൂടണം എന്ന് പറയേണ്ടത് കോടതിയല്ല. അങ്ങനെ പറയേണ്ടി വരുന്നത് ഗതികേടാണ്. അങ്ങനെ പറയേണ്ടി വരുമ്പോള്‍ നമ്മള്‍ എവിടെ എത്തി എന്ന് ചിന്തിക്കണം. സന്തോഷത്തോടെയല്ല കോടതി ഇതൊക്കെ പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.