ന്യൂഡല്‍ഹി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി. കൊച്ചി രാജ്യാന്തര വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നമായിരുന്നു നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചത്.
മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം മന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ സ്റ്റേഷന് വേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അദേഹം ഉറപ്പ് നല്‍കിയതായി മന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ ജോര്‍ജ് കുര്യനും റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു.
വിമാനത്താവള യാത്രക്കാര്‍ക്ക് വളരെ സൗകര്യ പ്രദമായ രീതിയിലാണ് സ്റ്റേഷന്‍ നിര്‍മാണം നടത്തുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയില്‍ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുക. റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ നിര്‍മാണം ഉടന്‍ ആരംഭിച്ചേക്കും.
സംസ്ഥാനത്തിന്റെ തെക്കും വടക്കും പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് വിമാനത്താവളത്തില്‍ എത്താനും മടങ്ങാനും കഴിയുന്നതാണ് പുതിയ റെയില്‍വേ സ്റ്റേഷന്‍. നിലവില്‍ അങ്കമാലിയിലോ ആലുവയിലോ ഇറങ്ങി വേണം എത്താന്‍. വിമാനത്താവളത്തിന് സമീപത്ത് കൂടിയാണ് റെയില്‍പ്പാത കടന്ന് പോകുന്നത്.
പദ്ധതിയുടെ പ്രയോജനം
1. കാര്‍ഗോ കോംപ്ലക്സിന് സമീപമാണ് റെയില്‍വേ സ്റ്റേഷന്‍ നിര്‍മ്മിക്കുക.
2. അങ്കമാലിയില്‍ ആരംഭിക്കുന്ന നിര്‍ദിഷ്ട ശബരി റെയില്‍ പാത പൂര്‍ത്തിയായാല്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട മേഖലകളിലെ വിമാന യാത്രക്കാര്‍ക്കും ഇത്ഗുണകരമാകും.
3. മെട്രോ റെയില്‍ വിമാനത്താവളത്തിലേക്ക് നീട്ടാനും പദ്ധതിയുണ്ട്. മെട്രോയും വിമാനത്താവളത്തിലെത്തിയാല്‍ സുഗമമായ യാത്രക്ക് വിവിധ മാര്‍ഗങ്ങളാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.