ന്യൂഡല്‍ഹി: രണ്ടാം ഘട്ട തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. എസ്.ഐ.ആര്‍ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ വോട്ടര്‍ പട്ടിക മരവിപ്പിക്കും. പിന്നീട് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോമുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കും.
രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ നടപടിക്രമം ആരംഭിക്കുമെന്നും വീടുതോറുമുള്ള എണ്ണല്‍ ഘട്ടത്തിന് നവംബര്‍ നാല് മുതല്‍ തുടക്കമാകുമെന്നും ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തു വിടുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
കേരളത്തിന് പുറമേ തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ്, ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികകളും ഈ ഘട്ടത്തില്‍ പരിഷ്‌കരിക്കും. ഓരോ സംസ്ഥാനത്തും വീടു തോറുമുള്ള എണ്ണല്‍ ഘട്ടം നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയായിരിക്കും.
ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പ്രസിദ്ധീകരിച്ചാല്‍ ജനുവരി എട്ട് വരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. അന്തിമ പുതുക്കിയ വോട്ടര്‍ പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
തെറ്റുകളോ ഇരട്ടിപ്പുകളോ തിരിച്ചറിഞ്ഞ് വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ലക്ഷ്യമിടുന്നത്. 1951 മുതല്‍ എട്ട് തവണ ഇത്തരത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയിട്ടുണ്ട്. അവസാനമായി നടന്നത് 2002 നും 2004 നും ഇടയിലാണ്.
ഇരുപത്തൊന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
ശരാശരി ആയിരം വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്ന നിലയില്‍ നിയമിച്ചാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കുക. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ ഉണ്ടായിരിക്കും. ഇവരെ സഹായിക്കാന്‍ നിരവധി അസിസ്റ്റന്റ് ഇലക്ടറല്‍ ഓഫീസര്‍മാരും ഉണ്ടാവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.