പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് വോട്ട് ചെയ്യാന്‍ അവസരം വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്

പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് വോട്ട് ചെയ്യാന്‍ അവസരം വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തു നിന്ന് വോട്ട് ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്.

കേരള പ്രവാസി അസോസിയേഷന്‍ എന്ന സംഘടനയ്ക്കുവേണ്ടി ഭാരവാഹികളായ രാജേന്ദ്രന്‍ വെള്ളപാലത്ത്, അശ്വിനി എന്‍.വി എന്നിവരാണ് ഹര്‍ജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിലെ 20 എ വകുപ്പ് പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികള്‍ക്ക് ബൂത്തില്‍ എത്താതെ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതി രൂപവത്കരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവരാണ് ഹാജരായത്. പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് വോട്ടവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രമുഖ വ്യവസായി ഡോ. ഷംസീര്‍ വയലില്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജികള്‍ക്കൊപ്പം കേരള പ്രവാസി അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.