'26/11 പോലെ മുബൈ നഗരം ചിതറിത്തെറിക്കും': പാകിസ്ഥാനില്‍ നിന്നും മുംബൈ പോലീസിന് ഭീഷണി സന്ദേശം; അന്വേഷണം തുടങ്ങി

 '26/11 പോലെ മുബൈ നഗരം ചിതറിത്തെറിക്കും': പാകിസ്ഥാനില്‍ നിന്നും മുംബൈ പോലീസിന് ഭീഷണി സന്ദേശം; അന്വേഷണം തുടങ്ങി

മുംബൈ: മുംബൈ പോലീസിന് പാകിസ്ഥാന്‍ ഭീകരരുടെ ആക്രമണ മുന്നറിയിപ്പ്. 2008 നവംബറില്‍ നടന്നതു പോലുള്ള ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

മുംബൈ നഗരം ചിതറിത്തെറിക്കാന്‍ പോകുന്ന തരത്തില്‍ ഭീകരാക്രമണം നടക്കുമെന്ന് പറയുന്ന മൊബൈല്‍ ഫോണ്‍ സന്ദേശത്തില്‍ ആറ് ഭീകരര്‍ ചേര്‍ന്നായിരിക്കും ആക്രമണം നടത്തുകയെന്നും വ്യക്തമാക്കുന്നു. 2008 ല്‍ നടന്ന ഭീകരാക്രമണത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരിക്കും ഇത്.

ഒസാമ ബിന്‍ലാദനും അയ്മന്‍ അല്‍ സവാഹിരിയും അജ്മല്‍ കസബും കൊല്ലപ്പെട്ടാലെന്ത്? ഇനിയും എത്രയോ പേര്‍ വരാന്‍ കിടക്കുന്നുവെന്നും ഭീഷണി സന്ദേശത്തിലുണ്ട്. തന്റെ നമ്പര്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യയിലെ നമ്പറായിരിക്കും ലഭിക്കുകയെന്നും സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി മുംബൈ പോലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 26/11 ആക്രമണം, ഉദയ്പുര്‍ കൊലപാതകം, സിദ്ദു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയ്ക്കു പുറത്താണ് താനിപ്പോള്‍ ഉള്ളതെന്നും ഇന്ത്യയില്‍ തന്നെയുള്ള ആറ് പേര്‍ ചേര്‍ന്നാണ് മുംബൈയില്‍ ആക്രമണം നടത്തുകയെന്നുമാണ് സന്ദേശം.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായെത്തിയ ബോട്ട് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അതിനു പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. റായ്ഗഡില്‍ നിന്നും എകെ 47 തോക്കുകള്‍, വെടിയുണ്ടകള്‍ അടക്കമുള്ള ആയുധങ്ങളാണ് ബോട്ടില്‍ നിന്നും കണ്ടെടുത്തത്. ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്.

ഭീഷണിയെ തുടര്‍ന്ന് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ ഇന്റലിജന്‍സ് ഏജന്‍സികളും മുന്നറിയിപ്പ് ഗൗരവമായെടുത്തിട്ടുണ്ട്. 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം രാജ്യം കണ്ടതില്‍ ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു. മൂന്ന് ദിവസമെടുത്താണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരരെ വധിച്ചത്. 2008 നവംബര്‍ 26 ന് മുംബൈ നഗരത്തില്‍ ആറിടങ്ങളിലാണ് പാക് ഭീകരര്‍ ആക്രമണം നടത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.