തൊഴിലാളിയുടെ ശമ്പളം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി, നിയമം കർശനമാക്കി യുഎഇ

തൊഴിലാളിയുടെ ശമ്പളം വൈകിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി, നിയമം കർശനമാക്കി യുഎഇ

അബുദബി: ജീവനക്കാർക്ക് തൊഴില്‍ പരിരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തി തൊഴില്‍ മന്ത്രാലയം. ജീവനക്കാർക്ക് കൃത്യമായും കൃത്യ സമയത്തും ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയത്.

വേതന സുരക്ഷാ പദ്ധതി വഴി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണം. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. ശമ്പളം നല്‍കേണ്ട തിയതി കഴിഞ്ഞിട്ടും 15 ദിവസത്തിനുളളില്‍ ശമ്പളം നല്‍കിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും. സ്ഥാപനത്തിന്‍റെ വലിപ്പം, എത്രകാലതാമസം വരുത്തി, ശമ്പളമില്ലാത്ത തൊഴിലാളികളുടെ എണ്ണം എന്നിവയനുസരിച്ചാണ് നിയമനടപടിയുണ്ടാകുന്നത്. മന്ത്രാലയത്തിന്‍റെ നിർദ്ദേശം അനുസരിച്ച് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്ക് പിഴ ചുമുത്തും.

വേതന സുരക്ഷാ പദ്ധതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ 5000 ദിർഹം മുതല്‍ 50,000 ദിർഹം വരെയാണ് പിഴ നല്‍കേണ്ടത്. കൂടാതെ ഡബ്ല്യുപിഎസ് വഴി നിശ്ചിത തീയതികളിൽ ശമ്പളം നല്കാനായില്ലെങ്കില്‍ 1,000 ദിർഹം വീതം പിഴ ചുമത്തും. ചെയ്യുന്ന ജോലിക്ക് കൃത്യമായ ശമ്പളം നല്‍കുന്ന തൊഴിലുടമകളെ മന്ത്രാലയത്തിലെ ഇന്‍സ്പെക്ഷന്‍ അഫയേഴ്സ് ആക്ടിംഗ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി മൊഹസെന്‍ അല്‍ നാസി അഭിനന്ദിച്ചു. ശമ്പളം നല്‍കാന്‍ വൈകിയാല്‍ കമ്പനികള്‍ക്ക് വിസ നല്‍കുന്നത് മന്ത്രാലയം അവസാനിപ്പിക്കും. ഇക്കാര്യം തൊഴിലുടമയെ നേരിട്ട് അറിയിക്കുകയും ചെയ്യും. ഒരു മാസത്തിലധികം ശമ്പളം നല്‍കാതിരുന്നാല്‍ കമ്പനികള്‍ക്കെതിരെ നിയമനടപടി കർശനമാക്കും. ഇതിനായി പ്രോസിക്യൂഷന് കേസ് കൈമാറും.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരിക്കുന്നത് ഗുരുതര നിയമലംഘനമായാണ് മന്ത്രാലയം കണക്കാക്കുന്നത്. മുന്നറിയിപ്പുകളും നിയമനടപടികളും ലംഘിച്ചും കമ്പനി മുന്നോട്ട് പോവുകയാണെങ്കില്‍ പിഴ ചുമത്തുന്നതടക്കമുളള നടപടികളിലേക്ക് അധികൃതർ കടക്കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.