അഭിമാനമായി...കരുത്തായി വിക്രാന്ത്; സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

അഭിമാനമായി...കരുത്തായി വിക്രാന്ത്; സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനി നാവികക്കപ്പല്‍ വിക്രാന്ത് സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചി കപ്പല്‍ നിര്‍മാണകേന്ദ്രത്തില്‍ പ്രത്യേകമായി സജ്ജീകരിക്കുന്ന വേദിയിലായിരിക്കും ചടങ്ങ്. നാലാം ഘട്ട സമുദ്ര പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജൂലായ് 28ന് വിക്രാന്തിനെ നാവിക സേനയ്ക്ക് കൈമാറിയിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ പ്രതിരോധസേനാ ഉദ്യോഗസ്ഥര്‍, ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, മറ്റു വിശിഷ്ടാതിഥികള്‍ തുടങ്ങി 1500-2000 പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കരുത്തുറ്റ ഇന്ത്യന്‍ നാവികസേനയ്ക്ക് വിക്രാന്ത് വലിയ മുതല്‍ക്കൂട്ടായിരിക്കും. 1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിനോടുള്ള ആദര സൂചകമായാണ് പുതിയ കപ്പലിന് വിക്രാന്ത് എന്ന് നാമകരണം ചെയ്തത്. കരുത്തുറ്റത് എന്നാണ് വിക്രാന്ത് എന്ന സംസ്‌കൃത പദത്തിനര്‍ഥം. തദ്ദേശീയമായി നിര്‍മിക്കപ്പെട്ട ഏറ്റവും വലിയ കപ്പല്‍ കൂടിയാണ് വിക്രാന്ത്. നാവിക സേനയുടെ ആഭ്യന്തര വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡിഎന്‍ഡി)യാണ് കപ്പല്‍ രൂപകല്‍പന ചെയ്തത്.

2,300ലധികം കംപാര്‍ട്മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാനാകും. വനിതാ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള വിക്രാന്ത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം മുപ്പതോളം വിമാനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ടാകും.

28 നോട്ടിക്കല്‍മൈല്‍ വേഗതയില്‍ വിക്രാന്തിന് സഞ്ചരിക്കാനാകും. 18 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ 7,500 മൈല്‍ ദൂരം സഞ്ചരിക്കാനുമാകും. കൊച്ചി നഗരത്തെ പൂര്‍ണമായും പ്രകാശസജ്ജമാക്കാനുതകുന്ന വിധത്തിലുള്ള എട്ട് പവര്‍ ജനറേറ്ററുകളാണ് വിക്രാന്തിലുള്ളത്. കപ്പലിനുള്ളില്‍ പൂര്‍ണമായും സജ്ജീകരിച്ച ആശുപത്രി സമുച്ചയവുമുണ്ട്. മുങ്ങിക്കപ്പലുകളെ തിരിച്ചറിയുന്നതിനും അതിനനുസൃതമായി അതിവേഗം ഗതി മാറ്റുന്നതിനും വിക്രാന്തിന് സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.