പൊലീസ് സംരക്ഷണം വേണം: അദാനിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍

പൊലീസ് സംരക്ഷണം വേണം: അദാനിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായി മത്സ്യതൊഴിലാളികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ നിര്‍മാണ തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികള്‍ നടത്തുന്ന സമരം. അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സുരക്ഷ വേണമെന്നാണ് ആവശ്യം.

പദ്ധതി പ്രദേശത്തെ അതീവ സുരക്ഷ മേഖലയിലേക്ക് നൂറ് കണക്കിന് സമരക്കാര്‍ ഇരച്ച് കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കി. സമരക്കാര്‍ അക്രമം അഴിച്ചു വിട്ടപ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നോക്കി നിന്നെന്നും ഹര്‍ജിയില്‍ അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തി. ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി പരിഗണിക്കുന്നത്.

2015ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ അന്തിമഘട്ടതിലാണ്. സമരം തുടര്‍ന്നാല്‍ പദ്ധതി ഇനിയും വൈകുമെന്നും നിര്‍മാണ പ്രവര്‍ത്തനം തുടരാന്‍ പൊലീസ് സുരക്ഷ വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്. മുഖ്യമന്ത്രിയുമായുള്ള സമവായ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീന്‍ അതിരൂപത. പതിനൊന്നാം ദിനമായ ഇന്ന് പള്ളിത്തുറ, കൊച്ചുതുറ, തുമ്പ, സെന്റ് ഡൊമനിക് വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും നടത്തുന്നത്.

കൂടാതെ തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സമരസമിതി ഉടന്‍ യോഗം ചേരും. തുറമുഖ കവാടത്തിലെ മത്സ്യതൊഴിലാളികളുടെ ഉപരോധ സമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഇന്ന് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് അഞ്ചിന് മുല്ലൂരിലാണ് പരിപാടി. ലത്തീന്‍ അതിരൂപതാ അധികൃതരുമായി ഇന്നലെ മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.