നോയിഡയിലെ ഇരട്ട ടവർ ഇന്ന് പൊളിക്കും; ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ പോകുന്ന ഏറ്റവും വലിയ കെട്ടിടം 

നോയിഡയിലെ ഇരട്ട ടവർ ഇന്ന് പൊളിക്കും; ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ പോകുന്ന ഏറ്റവും വലിയ കെട്ടിടം 

ഉത്തർപ്രദേശ്: നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പിനിയുടെ ഇരട്ട ടവര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കും. എമറാൾഡ് കോർട്ട് സൊസൈറ്റി പ്രദേശത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമാണം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ടവർ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. 

മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിന് നേതൃത്വം നല്‍കുന്നത്. 3,700 കിലോ സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുക. ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാൻ പോകുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്.

ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന പൊളിക്കൽ നടപടി ഒൻപത് സെക്കന്റിനുള്ളിൽ പൂർത്തിയാക്കും. കെട്ടിടം തകർക്കുന്നതിന്റെ ഭാ​ഗമായി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 

ഏറെ നാളത്തെ കാത്തിരിപ്പിനും ഒമ്പത് വർഷത്തെ നിയമയുദ്ധത്തിനും ഒടുവിലാണ് ഗോപുരങ്ങൾ പൊളിക്കാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നോയിഡ അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്പനി സ്വന്തം ചെലവിൽ കെട്ടിടങ്ങൾ പൊളിക്കും. ടവറിന് ആദ്യം അനുമതി നൽകിയപ്പോൾ കെട്ടിട പ്ലാനിൽ 14 ടവറുകളും ഒമ്പത് നിലകളും കാണിച്ചു. പിന്നീട് പ്ലാൻ പരിഷ്കരിക്കുകയും ഓരോ ടവറിലും 40 നിലകൾ നിർമ്മിക്കാൻ ബിൽഡർക്ക് അനുമതി നൽകുകയും ചെയ്തു. ടവറുകൾ നിർമ്മിച്ച സ്ഥലം യഥാർത്ഥ പദ്ധതി പ്രകാരം പൂന്തോട്ടമാക്കേണ്ടതായിരുന്നു.

ഇതേത്തുടർന്ന് സൂപ്പർ ടെക് എമറാൾഡ് കോർട്ട് സൊസൈറ്റിയിലെ താമസക്കാർ 2012ൽ നിർമാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. കൂടുതൽ ഫ്ലാറ്റുകൾ വിൽക്കുന്നതിനും ലാഭം വർദ്ധിപ്പിക്കുന്നതിനുമായി

സൂപ്പർടെക് ഗ്രൂപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ഹർജിക്കാർ വാദിച്ചു. ഇതനുസരിച്ച് 2014-ൽ ഉത്തരവ് ഫയൽ ചെയ്ത തീയതി മുതൽ നാല് മാസത്തിനുള്ളിൽ ടവറുകൾ സ്വന്തം ചെലവിൽ പൊളിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

നോയിഡ ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിൽ ഒന്നാണ്. കുത്തബ് മിനാറിനേക്കാള്‍ ഉയരമുണ്ട് നോയിഡയിലെ ഇരട്ട ടവറിന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.