തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍: മൂന്നു പേര്‍ മരിച്ചു; രണ്ടു പേര്‍ക്കായി തിരച്ചില്‍

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടല്‍: മൂന്നു പേര്‍ മരിച്ചു; രണ്ടു പേര്‍ക്കായി തിരച്ചില്‍

ഇടുക്കി: തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. മണ്ണിനടിയിലായ രണ്ടു പേരെ ഇനിയും കിട്ടാനുണ്ട്. ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചുപോയത്. സോമന്റെ മാതാവ് തങ്കമ്മ (75) പേരക്കുട്ടി ആദി ദേവ്, മകള്‍ ഷിമ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കുടയത്തൂര്‍ കവലയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഒരു വീട് മുഴുവനായി ഒലിച്ചുപോകുകയായിരുന്നു. സോമന്‍, ഭാര്യ ഷിജി എന്നിവരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. റവന്യു വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ കനത്ത മഴയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പ്രദേശത്തെ റോഡും കൃഷിയിടങ്ങളും ഒലിച്ചുപോയി.

മണ്ണുമാന്തി യന്ത്രം അടക്കമുള്ള സംവിധാനങ്ങളെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. വീണ്ടും ഉരുള്‍പൊട്ടാനുള്ള മുന്നറിയിപ്പ് നല്‍കിയതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജാഗ്രത തുടരണമെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും പ്രതികരിച്ചു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.