രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിലേറെയും ദിവസവേതന തൊഴിലാളികള്‍; കേരളത്തില്‍ 12.3 ശതമാനത്തിന്റെ വര്‍ധനവ്

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിലേറെയും ദിവസവേതന തൊഴിലാളികള്‍; കേരളത്തില്‍ 12.3 ശതമാനത്തിന്റെ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് 2021 ല്‍ ജീവനൊടുക്കിയവരുടെ എണ്ണം 1.64 ലക്ഷമെന്ന് റിപ്പോര്‍ട്ട്. ആത്മഹത്യയില്‍ അഭയം തേടിയവരില്‍ ഏറെയും ദിവസവേതനത്തില്‍ ജോലിയെടുക്കുന്ന തൊഴിലാളികളാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2020 നെക്കാള്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2020 ല്‍ 1.53 ലക്ഷം പേരാണ് ജീവിതം അവസാനിപ്പിച്ചത്.

കോവിഡിന്റെ വരവാണ് പല ഇടത്തം ജോലിക്കാരുടെയും ജീവിതത്തില്‍ പ്രതിസന്ധി തീര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ല്‍ റിപ്പോര്‍ട്ട് ചെയ്ത 1.64 ലക്ഷം അത്മഹത്യയില്‍ നാലിലൊന്നും ദിവസവേതന തൊഴിലാളികളാണ്. 2020 മുതല്‍ 2021 വരെ രാജ്യത്തെ ആത്മഹത്യകളില്‍ ഉണ്ടായ ശരാശരി ഉയര്‍ച്ച 7.17 ശതമാനമാണ്. എന്നാല്‍ ദിവസവേതനക്കാരുടെ ആത്മഹത്യയില്‍ സമാന കാലഘട്ടത്തില്‍ ഉണ്ടായ ഉയര്‍ച്ച 11.52 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണിത്.

ദേശീയ തലത്തില്‍ ഏറ്റവും കൂടതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് (22.207). തമിഴ്‌നാട് (18,925), മധ്യപ്രദേശ് (14,956), പശ്ചിമ ബംഗാള്‍ (13,500), കര്‍ണാടക (13,056) എന്നിങ്ങനെയാണ് പിന്നിലായുള്ള സംസ്ഥാനങ്ങളിലെ ആത്മഹത്യ നിരക്ക്. ആത്മഹത്യ നിരക്കില്‍ ഏറ്റവും വര്‍ധനവ് രേഖപ്പെടുത്തിയത് തെലങ്കാനയിലാണ്. 2020 ല്‍ നിന്ന് 2021 എത്തിയുപ്പോള്‍ 26.2 ശതമാനമാണ് തെലങ്കാനയില്‍ ഉയര്‍ന്നത്.

ഉത്തര്‍പ്രദേശില്‍ ആത്മഹത്യകളില്‍ 23.5 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ 12.3 ശതമാനം ഉയര്‍ച്ചയാണ് സ്വയം ജീവനൊടുക്കിയവരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഇത് അപകടകരമായ അവസ്ഥയാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.