മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേല്‍ ഗൊര്‍ബച്ചേവ് (91) വിടവാങ്ങി. ഏറെക്കാലമായി രോഗ ബാധിതനായിരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച്ചയാണ് മരണം സംഭവിച്ചത്. സോവിയേറ്റ് യൂണിയനെ ജനാധിപത്യവല്‍കരിക്കാന്‍ ശ്രമിച്ച നേതാവ് ആണ് ഗോര്‍ബച്ചേവ്. രാഷ്ട്രീയത്തില്‍ നിന്ന് മാറി സാമൂഹിക ഇടപെടലുകളുമായി കഴിയവേയാണ് രോഗം അദ്ദേഹത്തെ പിടികൂടിയത്.
1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഗൊര്‍ബച്ചേവ് അമേരിക്കയുമായുള്ള ശീതയുദ്ധം കൊടുമ്പിരി കൊണ്ടു നില്‍ക്കുമ്പോഴാണ് 1990-91 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് ആകുന്നത്. ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ 'ഇരുമ്പുമറ' ഇല്ലാതാക്കുന്നതിലും ജര്‍മനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊര്‍ബച്ചേവിന്റെ നടപടികള്‍ വഴിതെളിച്ചു.
എന്നാല്‍, സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന്റെ വഴിയൊരുക്കിയ നേതാവ് എന്ന കളങ്കത്തിനും അദ്ദേഹത്തിന്റെ ഭരണപരിഷ്‌കാരങ്ങളും തീരുമാനങ്ങളും ഇടയാക്കി. സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ ഗൊര്‍ബച്ചേവ് കൊണ്ടുവന്ന ഭരണപരിഷ്‌കരണ നടപടികള്‍ ഉദ്ദേശിച്ച ലക്ഷ്യം കണ്ടില്ലെന്നു മാത്രമല്ല ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തു. റിപ്പബ്ലിക്കുകള്‍ ഓരോന്നായി വിട്ടുപോകവേ അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടതായി വന്നു.
രാജ്യത്തെ കൂടുതല്‍ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ ലക്ഷ്യമിട്ടു രണ്ടു നയപരിപാടികള്‍ അദ്ദേഹം കൊണ്ടുവന്നു. രാഷ്ട്രീയ സുതാര്യത വാഗ്ദാനം ചെയ്യുന്ന ഗ്ലാസ്‌നോസ്തും സാമ്പത്തിക ഉദാരവല്‍ക്കരണമായ പെരിസ്‌ട്രോയിക്കയും. ഗൊര്‍ബച്ചേവിന്റെ ഈ നടപടികള്‍ വിജയം കണ്ടില്ല. പലതവണ വധ ശ്രമങ്ങളല്‍ നിന്ന് മിഖായേല്‍ ഗോര്‍ബച്ചേവ് രക്ഷപെട്ടിട്ടുണ്ട്. 1990 ല്‍ സമാധാനത്തിന് ഉളള നൊബേല്‍ സമ്മാനം നല്‍കി ലോകം അദ്ദേഹത്തെ ആദരിച്ചു.
റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിലെ കര്‍ഷക കുടുംബത്തില്‍ 1931 മാര്‍ച്ച് രണ്ടിനാണ് ഗോര്‍ബച്ചേവിന്റെ ജനനം. 1952 ല്‍ മോസ്‌കോ സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നിയമ പഠനം ആരംഭിച്ചപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാവുന്നത്. മിഖായേല്‍ ഗോര്‍ബച്ചേവിന്റെ അന്ത്യത്തില്‍ ലോകനേതാക്കള്‍ അനുശോചിച്ചു. 1999ല്‍ അന്തരിച്ച ഭാര്യ റൈസയുടെ അടുത്തായി മോസ്‌കോയിലെ നോവോഡെവിച്ചി സെമിത്തേരിയില്‍ ഗോര്‍ബച്ചേവിനെ സംസ്‌കരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.