തിരുവനന്തപുരം: വിഴിഞ്ഞത്തെ തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മത്സ്യത്തൊഴിലാളി സമര സമിതി തള്ളി. മുഖ്യമന്ത്രി തീരദേശവാസികളെ കളിയാക്കുകയാണെന്നും സമരം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമര സമിതി അറിയിച്ചു.
നേരത്തെ വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ പറഞ്ഞിരുന്നു. വിദഗ്ധ സമിതി അന്ന് അദാനിക്ക് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും സമര സമിതി ആരോപിച്ചു. മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന സ്വീകാര്യമല്ല. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വിജിലന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടും പുറത്തു വിടണം.
പദ്ധതി നിര്‍ത്തി വെച്ച് മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി പഠനം നടത്തണം. മണ്ണെണ്ണ പ്രശ്‌നത്തില്‍ കേന്ദ്രത്തെ പഴിചാരുകയാണ് സംസ്ഥാനം.തമിഴ്‌നാട്ടില്‍ 25 രൂപയ്ക്ക് മണ്ണെണ്ണ കിട്ടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ കൊടുക്കുന്ന സൗജന്യം മണ്ണെണ്ണയില്‍ കേരളം കൊടുക്കുന്നില്ല.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതു വരെ സമരം ഇതേ രീതിയില്‍ തുടരുമെന്നും ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ എ പെരേര വ്യക്തമാക്കി.
അതിനിടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സ്തംഭിച്ചെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലധികം സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണെന്നും സുരക്ഷ ഒരുക്കാതെ പദ്ധതി മുന്നോട്ട് പോകില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. സമരത്തിന്റെ പേരില്‍ നിര്‍മ്മാണം നിര്‍ത്തി വെക്കാനാകില്ലെന്ന് സര്‍ക്കാരും നിലപാടടുത്തു.
ഗര്‍ഭിണികളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തിയാണ് സമരമെന്നും അതിനാല്‍ സമരക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനികില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകള്‍ പാലിക്കാതെയുള്ള നിര്‍മ്മാണം അനുവദിക്കില്ലെന്നും ഹര്‍ജിയില്‍ എതിര്‍കക്ഷികളായ വൈദികര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.