അവഗണിക്കപ്പെട്ട ഇന്ത്യൻ മഹാന്മാരിൽ ഒരാളായ ബാരിസ്റ്റർ ജോസഫ് ബാപ്റ്റിസ്റ്റ നിര്യാതനായിട്ട് ഇന്നു 90 വർഷം തികയുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന് യഥാർഥത്തിൽ അടിസ്ഥാനമിട്ട, “സ്വരാജ് എന്റെ ജന്മാവകാശമാണ് അതു ഞാൻ നേടിയെടുക്കുകതന്നെ ചെയ്യും” എന്ന മുദ്രാവാക്യം ആദ്യമായി അവതരിപ്പിച്ചതും ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിനു തുടക്കമിട്ടതും ബാരിസ്റ്റർ ബാപ്റ്റിസ്റ്റയായിരുന്നു.
മുംബൈ നഗരപ്രാന്തത്തിലെ ഉത്തൻ എന്ന ഗ്രാമത്തിലാണ് ബാപ്റ്റിസ്റ്റ ജനിച്ചത്. ഈശോസഭാ വൈദികരുടെ വക സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം പൂനയിലെ എൻജിനിയറിംഗ് കോളജിൽ പഠനം തുടർന്നു. അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദാദാഭായ് നവറോജി, ബാപ്റ്റിസ്റ്റയുടെ അസാമാന്യ കഴിവുകണ്ട് ആശ്ചര്യപ്പെട്ടു. അദ്ദേഹത്തിന്റെ സ്നേഹപൂർവമായ നിർബന്ധത്തിനുവഴങ്ങി നിയമപഠനത്തിനായി ബാപ്റ്റിസ്റ്റ ലണ്ടനിലേക്കു കപ്പൽ കയറി.
ഇംഗ്ലണ്ടിൽ നിയമം മാത്രമല്ല അദ്ദേഹത്തിനു പഠിക്കാനായത്. ബ്രിട്ടീഷ് ജനതയുടെ ജനാധിപത്യബോധവും നിയമവ്യവസ്ഥയോടുള്ള ആദരവും ഓരോ വ്യക്തിയുടെയും അന്തസും സ്വാഭിമാനവും അടുത്തുനിന്നു വീക്ഷിക്കാൻ ബാപ്റ്റിസ്റ്റയ്ക്കായി. ഐറിഷ് ഹോംറൂൾ പ്രസ്ഥാനം കണ്ട് അവരുടെ സ്വാതന്ത്ര്യവാഞ്ഛ എത്രമാത്രമാണെന്ന് അദ്ദേഹം മനസിലാക്കി. വില്യം വിൽബർഫോഴ്സ് എന്ന പാസ്റ്റർ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പോരാട്ടത്തെക്കുറിച്ച് അദ്ദേഹം സശ്രദ്ധം പഠിച്ചു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കാൻ ലണ്ടൻ പശ്ചാത്തലമായത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വിലകല്പിക്കുന്ന ഒരു ജനത അവിടെ ജീവിച്ചിരുന്നതിനാലാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു.
നിയമവിജ്ഞാനശാഖയുടെ അന്പരിപ്പിക്കുന്ന അഗാധതയും ആംഗ്ലോ- സാക്സണ് നിയമവ്യവസ്ഥയുടെ ദാർശനിക സൗന്ദര്യവും പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ അനന്തവിഹായസിൽനിന്ന് ആവാഹിച്ചെടുത്ത അറിവും കരുത്തുറ്റ ജനാധിപത്യബോധമുള്ള ജനസമൂഹവുമായുണ്ടായ സംസർഗവും ബാല്യകാലത്ത് സ്വാംശീകരിക്കപ്പെട്ട ക്രൈസ്തവമൂല്യബോധവുമൊക്കെ ചേർന്ന് രൂപപ്പെടുത്തിയ ഒരു പുതിയ മനുഷ്യനായി ബാരിസ്റ്റർ ജോസഫ് ബാപ്റ്റിസ്റ്റ തിരികെ ബോംബെയിൽ കപ്പലിറങ്ങി.
തിലകന്റെ അഭിഭാഷകൻ
അഭിഭാഷകനെന്ന നിലയിൽ അദ്ദേഹം പെട്ടെന്നുതന്നെ പ്രസിദ്ധനായി. അഭിഭാഷകവൃത്തിയോടൊപ്പം പൊതുരംഗത്തും അദ്ദേഹം സജീവമായി. ബാലഗംഗാധര തിലകനെതിരേ രാജ്യദ്രോഹ കേസെടുത്തപ്പോൾ അദ്ദേഹത്തിനു വേണ്ടി കോടതിയിൽ ഹാജരായി കേസ് വാദിച്ചത് മുഹമ്മദാലി ജിന്നയും ബാപ്റ്റിസ്റ്റയുമായിരുന്നു. സവർക്കർക്കെതിരേ കേസുണ്ടായപ്പോൾ അദ്ദേഹത്തിന് മൗലികാവകാശങ്ങൾ നിഷേധിക്കരുതെന്നും തുറന്ന കോടതിയിൽ വിചാരണ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ അദ്ദേഹത്തിനുവേണ്ടി വാദിച്ചതും ബാരിസ്റ്റർ ബാപ്റ്റിസ്റ്റയായിരുന്നു. കടുത്ത ഹിന്ദുത്വവാദികളായിരുന്ന ഇവർക്കുവേണ്ടി ഉറച്ച ക്രൈസ്തവനായിരുന്ന ബാപ്റ്റിസ്റ്റ കേസ് വാദിച്ചത് ഹിന്ദു മൗലികവാദികളെപ്പോലും അന്ന് അദ്ഭുതപ്പെടുത്തി.
സമ്പന്ന വ്യവസായികളുടെ കേസുകൾ വാദിച്ച് പണമുണ്ടാക്കാമായിരുന്നുവെങ്കിലും കറകളഞ്ഞ നീതിബോധത്തിനുടമയായിരുന്ന ബാപ്റ്റിസ്റ്റ മറ്റൊരു വഴിയാണ് തെരഞ്ഞെടുത്തത്. ബ്രിട്ടീഷുകാരുടെ ജനാധിപത്യബോധത്തോടും നീതിബോധത്തോടും ബഹുമാനമുണ്ടായിരുന്നെങ്കിലും അവർ ഇന്ത്യക്കാരെ ഭരിക്കുന്നതിനോട് ബാപ്റ്റിസ്റ്റയ്ക്കു അശേഷം യോജിപ്പുണ്ടായിരുന്നില്ല. അപകർഷതാബോധംകൊണ്ടായിരുന്നില്ല, മറിച്ച് സ്വാതന്ത്ര്യബോധം കൊണ്ടായിരുന്നു ബാപ്റ്റിസ്റ്റ ബ്രിട്ടീഷുകാരെ എതിർത്തത്. ഐറിഷ് ഹോംറൂൾ പ്രസ്ഥാനത്തിന്റെ മാതൃകയിൽ ഇന്ത്യയിലും ഒന്ന് സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമമാരംഭിച്ചു.
ലണ്ടനിൽവച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോർജുമായി കണ്ടുമുട്ടിയപ്പോൾ ഇന്ത്യക്കാർക്ക് സ്വയം ഭരിക്കാനുള്ള ശേഷിയുണ്ടെന്നു പറയാനുള്ള ധൈര്യവും ബാപ്റ്റിസ്റ്റയ്ക്കുണ്ടായി. എന്നാൽ, ബോംബെയിൽ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളൊന്നും ഫലവത്താകാത്തതിൽ അദ്ദേഹം ഖിന്നനായി. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെന്ന ഉച്ചനീചത്വമാണിതിനു കാരണമെന്ന് കണ്ടെത്തിയ ബാപ്റ്റിസ്റ്റ, ഗണേശോത്സവങ്ങൾ എല്ലാവിഭാഗം ജനങ്ങളുടെതുമായി നടത്താൻ തിലകനെ ഉപദേശിച്ചു. തുടർന്നു നടന്ന ഗണേശോത്സവത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
സ്വരാജ് മുദ്രാവാക്യം
ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ആവേശവും ആത്മാഭിമാനവും ഉയർത്താനായി. “സ്വരാജ് എന്റെ ജന്മാവകാശമാണ്, അതു ഞാൻ നേടിയെടുക്കുകതന്നെ ചെയ്യും” എന്ന പുതിയ മുദ്രാവാക്യവുമായി ബാപ്റ്റിസ്റ്റ ജനങ്ങൾക്കിടയിലേക്കിറങ്ങി. ഈ മുദ്രാവാക്യത്തിന്റെ മാസ്മരികതയിൽ മനംമയങ്ങിയ തിലകൻ അതേറ്റുപിടിച്ചു വ്യാപകമായി പ്രചരിപ്പിച്ചു.
ഇതിനിടെ ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന് ബാപ്റ്റിസ്റ്റ തുടക്കമിട്ടു. ഇന്ത്യയിൽ പലയിടങ്ങളിലും പ്രസ്ഥാനത്തിനു ശാഖകൾ ആരംഭിച്ചു. തിലകനും ആനി ബസന്റും ബാപ്റ്റിസ്റ്റയുമായി സഹകരിക്കുകയും ചെയ്തു. ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന് യഥാർഥത്തിൽ അടിസ്ഥാനമായത് ഇത്തരം പ്രവർത്തനങ്ങളാണ്.
അവശതയനുഭവിക്കുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും അവരുടെ ശ്രേയസ് ഉറപ്പാക്കാനുമുതകുന്നവിധം നിയമത്തിന്റെ പ്രയോഗസാധ്യതകൾ കണ്ടെത്താനായിരുന്നു ബാപ്റ്റിസ്റ്റയുടെ മറ്റൊരു ശ്രമം. ബോംബെയെന്ന മഹാനഗരത്തിൽ തുച്ഛമായ കൂലിക്കു തൊഴിലെടുത്തിരുന്ന തുണിമിൽ തൊഴിലാളികളെ അദ്ദേഹം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പണിയെടുത്തിരുന്ന മറ്റു പാവപ്പെട്ട തൊഴിലാളികളെയും കൂടെക്കൂട്ടി. 1920-ൽ ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോണ്ഗ്രസ് എന്ന തൊഴിലാളിസംഘടനയ്ക്ക് അദ്ദേഹം രൂപം നല്കി. ലാലാ ലജപത് റായിയെ പ്രസിഡന്റായി അവരോധിച്ചു.
പാശ്ചാത്യ ആശയങ്ങളുടെ സൃഷ്ടിയായ ട്രേഡ് യൂണിയനുമായി ഒത്തുപോകാൻ ഹിന്ദുമതവാദിയായിരുന്ന റായ്ക്കു കഴിഞ്ഞില്ല. ഒരു വർഷം തികയുംമുന്പ് അദ്ദേഹം രാജിവച്ചുപോയി. തുടർന്ന് ജവഹർലാൽ നെഹ്റുപ്രസിഡന്റായി. ഏതാണ്ട് ഈ കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ വച്ചുതന്നെ ബാപ്റ്റിസ്റ്റയ്ക്കു പരിചയമുണ്ടായിരുന്ന ഡോ. എം.കെ. ആന്റണി കേരളക്കരയിലെ ആദ്യ തൊഴിലാളി പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു.
ബോംബെ മേയർ
ഉറച്ച റോമൻ കത്തോലിക്കനായിരുന്നെങ്കിലും മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതിനെ ബാപ്റ്റിസ്റ്റ ശക്തമായി എതിർത്തു. മതനിരപേക്ഷത എന്ന ആശയം അദ്ദേഹം ഉയർത്തിപ്പിടിച്ചു. ജനങ്ങൾ അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് പൂർണ പിന്തുണ നല്കി. 1925 ൽ ബോംബെ നഗരത്തിന്റെ മേയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നു ചരിത്രതാളുകൾ പരതുമ്പോൾ ബാപ്റ്റിസ്റ്റ എവിടെയുമില്ല. സ്വരാജ് മുദ്രാവാക്യവും ഹോംറൂൾ പ്രസ്ഥാനവും ബാലഗംഗാധര തിലകന്റെ സൃഷ്ടിയായി നമ്മെ പഠിപ്പിക്കുന്നു. ബാപ്റ്റിസ്റ്റയുടെ പ്രവർത്തനങ്ങളെക്കുറിച്ച് എഴുതിയാൽ നാം ഇന്നറിയുന്ന മുൻ നേതാക്കൾ പലരും ചെറുതാകുമോ എന്ന ശങ്ക, രാഷ്ട്രീയ ചരിത്രകാരന്മാർക്ക് ഉണ്ടായിക്കാണും.
അഡ്വ. ജേക്കബ് അറയ്ക്കൽ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.