സര്‍ക്കാരിന്റെ 'സണ്‍ഡേമാനിയ' പരിധി വിടുന്നു.... കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തരുത്

സര്‍ക്കാരിന്റെ 'സണ്‍ഡേമാനിയ' പരിധി വിടുന്നു.... കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തരുത്

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ അവരുടെ ആധ്യാത്മിക കാര്യങ്ങള്‍ക്കും വിശ്രമത്തിനുമായി മാറ്റി വച്ചിട്ടുള്ള ദിവസമാണ് ഞായര്‍. ആറു ദിവസവും ജോലി ചെയ്ത് ഏഴാം ദിവസം വിശ്രമം... ദേവാലയങ്ങളിലെത്തി ദിവ്യബലി അര്‍പ്പണം. തുടര്‍ച്ചയായ ആറു ദിവസം പ്രപഞ്ച സൃഷ്ടിയില്‍ മുഴുകിയ ദൈവവും ഏഴാം ദിവസം വിശ്രമിച്ചു എന്നാണ് വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നത്. ആ പാരമ്പര്യ തുടര്‍ച്ചയായാണ് ആഗോള ക്രൈസ്തവര്‍ ഞായറാഴ്ചയെ കരുതിപ്പോരുന്നത്.

പക്ഷേ, വെറുപ്പിന് കലാപത്തില്‍ പിറന്ന സന്തതിയായ കമ്മ്യൂണിസം ഇതൊന്നും അംഗീകരിക്കില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും ഇക്കാര്യത്തില്‍ വ്യത്യസ്ഥമല്ല എന്നാണ് സര്‍ക്കാരിന്റെ അടുത്ത കാലത്തുണ്ടായ ചില തീരുമാനങ്ങള്‍ സൂചിപ്പിക്കുന്നത്. ജനങ്ങളെ 'സേവിക്കാന്‍' ഇപ്പോള്‍ ഏറ്റവും ഉചിതമായ ദിവസം ഞായറാഴ്ചയാണ് എന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ പുതിയ കണ്ടെത്തല്‍.

സര്‍ക്കാരിന്റെ 'പെന്‍ഡിങ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം' ഇപ്പോള്‍ തകൃതിയായി നടക്കുന്നത് ഞായറാഴ്ചകളിലാണ്. ഇതര മതസ്ഥര്‍ അവര്‍ വിശുദ്ധമായി കരുതിപ്പോരുന്ന ദിവസങ്ങളില്‍ അവര്‍ക്ക് ആവശ്യമായ ഇളവുകള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ ഞായറാഴ്ചപ്പണിക്ക് ക്രൈസ്തവ വിശ്വാസികള്‍ക്ക് യാതൊരു ഇളവും നല്‍കാറില്ലെന്നു മാത്രമല്ല നിര്‍ബന്ധമായും ഹാജരാകണമെന്ന നിര്‍ദേശവും സ്ഥാപന മേധാവികള്‍ വഴി നല്‍കാറുണ്ട്.

പെന്‍ഡിങ് ഫയല്‍ തീര്‍പ്പാക്കല്‍ ഞായറാഴ്ച തന്നെ വേണമെന്ന് വാശി പിടിക്കുന്ന സര്‍ക്കാര്‍ ആദ്യം അന്വേഷിക്കേണ്ടത് ഓഫീസുകളില്‍ ഇത്രയധികം ഫയലുകള്‍ പെന്‍ഡിങ് ആയത് എങ്ങനെ എന്നാണ്. അടിയന്തരമായി നീങ്ങേണ്ട ഫയലുകളുടെ മേല്‍പ്പോലും അടയിരിക്കുന്ന ഉദ്യോഗസ്ഥ പ്രഭുക്കളെ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ ഞായറാഴ്ചപ്പണിയുടെ ആവശ്യമുണ്ടോ?..

സര്‍ക്കാര്‍ ശമ്പളം പറ്റി സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൊഴുപ്പിക്കുന്ന തൊഴിലാളി നേതാക്കന്‍മാരോട് പണി ചെയ്തിട്ടു മതി സംഘടനാ പ്രവര്‍ത്തനം എന്നു പറയാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനുണ്ടോ?.. ഓഫീസുകളിലെത്തി ഒപ്പിട്ട ശേഷം കള്ളു കച്ചവടത്തിനും കപ്പലണ്ടി കച്ചവടത്തിനും പോകുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താനുള്ള ചങ്കുറപ്പ് സര്‍ക്കാരിനുണ്ടോ?..

എങ്കില്‍ ഫയലൊന്നും അലമാരകളില്‍ ഉറങ്ങില്ല. ആവശ്യക്കാരന് സമയം തെറ്റാതെ സേവനം ലഭ്യമാവുകയും ചെയ്യും. അല്ലാതെ ഞായറാഴ്ച 'പണി' കൊടുത്തു കൊണ്ടല്ല നാട് നന്നാക്കേണ്ടത്.

നെഹ്റു ട്രോഫി വള്ളം കളിയിലും ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത മറ്റൊരു പരിഷ്‌കാരമാണ് സര്‍ക്കാര്‍ ഇത്തവണ കൊണ്ടു വന്നിട്ടുള്ളത്. വര്‍ഷങ്ങളായി രണ്ടാം ശനിയാഴ്ച നടന്നു വന്നിരുന്ന വള്ളം കളി ഇത്തവണ 'ഞായറാഴ്ചക്കളി'യാക്കി മാറ്റി. വള്ളം തുഴച്ചില്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍ ആയതിനാല്‍ അവരുടെ ഞായറാഴ്ച ആചരണവും തടസപ്പെട്ടു.

മാത്രമല്ല വള്ളം കളി നടക്കുന്ന സമീപ പ്രദേശത്തെ പഴവങ്ങാടി മാര്‍സ്ലീവ ഫൊറോന പള്ളിയും പുന്നമട കായലിനോട് അടുത്തുള്ള തത്തംപള്ളി സെന്റ് മൈക്കിള്‍സ് ചര്‍ച്ചും വള്ളം കളിക്ക് വരുന്നവര്‍ക്ക് പാര്‍ക്കിങ് ഒരുക്കി കൊടുക്കണം എന്ന നിര്‍ബന്ധിത ഉത്തരവും സര്‍ക്കാര്‍ ഇറക്കി.

സര്‍ക്കാരിന്റെ ഇത്തരം തീരുമാനങ്ങള്‍ക്കു പിന്നിലെ രഹസ്യ അജണ്ട മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോയി കബഡി നിരത്തേണ്ട കാര്യമൊന്നുമില്ല. വോട്ടു ബാങ്കില്‍ കണ്ണും നട്ട് ചില തല്‍പ്പര കക്ഷികളെ സുഖിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശ്രമം ക്രൈസ്തവരുടെ ചെലവില്‍ വേണ്ട.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.