ആര്‍ട്ടിമിസ് വണ്‍ ഇന്ന് പറക്കും; കാലാവസ്ഥ പ്രതികൂലമായാല്‍ വിക്ഷേപണം ആറിലേക്ക് മാറ്റും

ആര്‍ട്ടിമിസ് വണ്‍ ഇന്ന് പറക്കും; കാലാവസ്ഥ പ്രതികൂലമായാല്‍ വിക്ഷേപണം ആറിലേക്ക് മാറ്റും

വാഷിങ്ടണ്‍: നാസയുടെ ചരിത്ര ചാന്ദ്ര പര്യവേഷണ പദ്ധതിയായ ആര്‍ട്ടിമിസിലെ ആദ്യ ദൗത്യമായ ആര്‍ട്ടമിസ്-1 ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.47ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കും.

അടിയന്തര സാഹചര്യമുണ്ടായാല്‍ വിക്ഷേപണം രണ്ട് മണിക്കൂര്‍ വരെ വൈകാം. കാലാവസ്ഥ പ്രതികൂലമായാല്‍ വിക്ഷേപണം സെപ്റ്റംബര്‍ ആറിലേക്ക് മാറ്റും. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നാസ അറിയിച്ചു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷേപണം എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതോടെ മാറ്റി വയ്ക്കുകയായിരുന്നു.

അപ്പോളോ മിഷന് അര നൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിയാണ് ആര്‍ട്ടിമിസ്. ആളില്ലാ ദൗത്യമായ പദ്ധതിയിലൂടെ നാല് സഞ്ചാരികള്‍ക്ക് ഇരിക്കാവുന്ന ഒറിയോണ്‍ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കും. ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എസ്.എല്‍.എസ് ആണ് ഒറിയോണിനെ ഭ്രമണപഥത്തിലെത്തിക്കുന്നത്.

ഒറിയോണ്‍ പേടകം ചന്ദ്രനെ വലംവച്ച് 42 ദിവസത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തും. ആര്‍ട്ടിമിസ്-1 വിജയിച്ചാല്‍ വരും വര്‍ഷങ്ങളില്‍ ആര്‍ട്ടിമിസ്-2, ആര്‍ട്ടിമിസ്-3 എന്നിവയും വിക്ഷേപിക്കും. ആര്‍ട്ടിമിസ്-3 ദൗത്യത്തിലാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു വനിത ഉള്‍പ്പെടെയുള്ള സഞ്ചാരികളെ ഇറക്കാന്‍ നാസ പദ്ധതിയിടുന്നത്. ഇത് 2025 ല്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.