അഭിരാമിയുടെ സംസ്‌കാരം ഇന്ന്; പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരേ മാതാപിതാക്കള്‍

അഭിരാമിയുടെ സംസ്‌കാരം ഇന്ന്;  പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരേ മാതാപിതാക്കള്‍

പത്തനംതിട്ട: തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് 12 മണിക്ക് സംസ്കരിക്കും. റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശി ഹരീഷിന്റ മകളാണ് അഭിരാമി. കുട്ടിയുടെ മരണത്തിൽ  ചികിത്സാ പിഴവ് സംഭവിച്ചതായി കുടുംബം ആരോപിച്ചു.

ആശുപത്രി അധികൃതർ അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കുഞ്ഞ് രക്ഷപ്പെടുമായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. ആർക്കും പരാതി നൽകാനില്ല. പരാതി നൽകിയാൽ പോസ്റ്റുമോർട്ടം നടത്താനാവശ്യപ്പെടും. അത് ചിന്തിക്കാൻ പോലുമാകില്ല. അറിയേണ്ടവരെല്ലാം അറിഞ്ഞിട്ടുണ്ട്. മറ്റൊരാൾക്കും ഇനിയെങ്കിലും ഈ ഗതി ഉണ്ടാകാതിരുന്നാൽ മതിയെന്ന് മാതാപിതാക്കൾ പറഞ്ഞു.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ ആദ്യം പറഞ്ഞത് മുറിവുകളെല്ലാം സോപ്പിട്ട് കഴുകി വൃത്തിയാക്കി കൊണ്ടുവരാനാണ്. അതിനുപോലും ജീവനക്കാർ തയ്യാറായില്ല. ഓടിപ്പോയി സോപ്പുവാങ്ങി മുറിവ് കഴുകി കൊണ്ടുചെന്നപ്പോൾ കോവിഡ് ടെസ്റ്റ് നടത്താൻ നിർദേശിച്ചു. അതിന്റെ ഫലമെല്ലാം വന്ന് വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും എടുത്തപ്പോഴേക്കും ആശുപത്രിയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞിരുന്നു.

മുഖത്ത് കടിയേറ്റാൽ സ്ഥിതി ഗുരുതരമാണെന്നറിയാവുന്ന ഡോക്ടർമാർ അതനുസരിച്ചുള്ള നിർദേശങ്ങൾ നൽകണമായിരുന്നെന്നും രജനി പറഞ്ഞു. നേരേ മെഡിക്കൽകോളജിലേക്ക് അയച്ചിരുന്നെങ്കിൽ വിദഗ്ധ ചികിത്സ ലഭിക്കുമായിരുന്നു. കൊണ്ടുവരാൻ വൈകിയെന്നാണ് മെഡിക്കൽകോളജിലെ ഡോക്ടർമാർ പറഞ്ഞത്. മെ‍ഡിക്കൽ കോളജിൽ നല്ല പരിചരണമാണ് ലഭിച്ചതെന്നും അഭിരാമിയുടെ അമ്മ രജനി പറഞ്ഞു. ഇതിന് പിന്നാലെ സമരം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. 




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.