നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: ആദ്യ 46 റാങ്കുകളില്‍ മലയാളികളില്ല; പി നന്ദിത കേരളത്തില്‍ നിന്ന് ഒന്നാമത്

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: ആദ്യ 46 റാങ്കുകളില്‍ മലയാളികളില്ല; പി നന്ദിത കേരളത്തില്‍ നിന്ന് ഒന്നാമത്

സംസ്ഥാനത്ത് പരീക്ഷയെഴുതിയ 1,16,395 പേരില്‍ 64,034 പേര്‍ യോഗ്യത നേടി.

തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി ഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല്‍പ്പത്താറ് റാങ്കുകളില്‍ കേരളത്തില്‍ നിന്നും ആരുമില്ല.

രാജസ്ഥാന്‍ സ്വദേശിനി തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വത്സ ആഷിഷ് ബട്ര രണ്ടും കര്‍ണാടക സ്വദേശി ഋഷികേശ് നാഗ്ഭൂഷണ്‍ ഗാംഗുലി മൂന്നും റാങ്കുകള്‍ നേടി. ദേശീയ തലത്തില്‍ 47ാം റാങ്ക് നേടിയ പി. നന്ദിത കേരളത്തില്‍ നിന്ന് പരീക്ഷയെഴുതിയവരില്‍ ഒന്നാം സ്ഥാനത്തെത്തി.

സംസ്ഥാനത്ത് പരീക്ഷയെഴുതിയ 1,16,395 പേരില്‍ 64,034 പേര്‍ യോഗ്യത നേടി. ദേശീയ തലത്തില്‍ 17,64,571 പേര്‍ പരീക്ഷയെഴുതിയതില്‍ 9,93,069 പേര്‍ യോഗ്യത നേടി. നീറ്റ് പരീക്ഷയില്‍ യോഗ്യത നേടുകയും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തവരെ ഉള്‍പ്പെടുത്തി കേരള റാങ്ക് പട്ടിക പ്രവേശന പരീക്ഷ കമ്മീഷണര്‍ തയാറാക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റ് ഒഴികെയുള്ള മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലേക്കും കേരള റാങ്ക് പട്ടികയില്‍ നിന്ന് പ്രവേശന പരീക്ഷ കമ്മീഷണറാണ് അലോട്ട്‌മെന്റ് നടത്തുക. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് ദേശീയ തലത്തില്‍ മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റിയാണ് പ്രവേശന നടപടികള്‍ നടത്തുക. ഫലം അറിയാന്‍ neet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.