ന്യൂഡല്‍ഹി: മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ശര്‍മ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ശര്‍മയ്‌ക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചത്. ആള്‍ക്കൂട്ട കൊലപാതകം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് തഹ്‌സീന്‍ പൊന്നാവല്ല വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ബെഞ്ചിനെ അറിയിച്ചു.
ഇത് ലളിതവും നിരുപദ്രവകരവുമാണെന്ന് തോന്നുമെങ്കിലും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ കോടതി സൂക്ഷ്മത പാലിക്കണം. ഹര്‍ജി പിന്‍വലിക്കാനാണ് തങ്ങള്‍ നിര്‍ദേശിക്കുന്നതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ രാജ്യത്തുടനീളം ഫയല്‍ ചെയ്ത കേസുകള്‍ ഒരുമിച്ചു പരിഗണിക്കാന്‍ സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. പത്തു കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റാനും ഡല്‍ഹി പൊലീസ് കേസ് അന്വേഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഒരു വാര്‍ത്താ ചാനലില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് ശര്‍മ്മയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ഇതിന്റെ പേരില്‍ വന്‍ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിക്കവരും അഭിപ്രായങ്ങളെ അപലപിച്ചു. പ്രതിഷേധം പലയിടത്തും അക്രമത്തിനും ഇടയാക്കി.
എന്നാല്‍ ബിജെപി വിവാദത്തില്‍ നിന്ന് അകന്നുനില്‍ക്കുകയും നൂപൂര്‍ ശര്‍മ്മയെ പാര്‍ട്ടിയില്‍ നിന്നും വക്താവ് സ്ഥാനത്തു നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.