സന്ദർശനം അനൗദ്യോഗികം; വീണ്ടും കൂടിക്കാഴ്ച്ച നടത്തും: ഡോ. ബാബു സ്റ്റീഫൻ
ന്യൂജേഴ്‌സി: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഏതാനും പദ്ധതികളിൽ പങ്കാളികളാകാൻ ഫൊക്കാന തയാറാണെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ.
കേരള സന്ദർശനത്തിലായിരുന്ന ഡോ. ബാബു സ്റ്റീഫൻ സംസ്ഥാന മന്ത്രിസഭയിലെ നാലു മന്ത്രിമാരെ അവരുടെ ഓഫിസുകളിൽ സന്ദർശിച്ചുകൊണ്ട് നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് തന്റെ അഭിപ്രായം അറിയിച്ചത്. ഒറ്റ ദിവസം കൊണ്ട് നാലു മന്ത്രിമാരെ അവരവരുടെ ഓഫീസുകളിൽ പോയി സന്ദർശിച്ച ഫൊക്കാന പ്രസിഡന്റിന് ഊഷ്മളമായ സ്വീകരണമാണ് മന്ത്രിമാർ നൽകിയത്.
വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി, കായിക-യുവജന ക്ഷേമ വകുപ്പുമന്ത്രി വി. അബ്ദുറഹ്മാൻ, സഹകരണ വകുപ്പുമന്ത്രി വി.എൻ. വാസവൻ, ഭക്ഷ്യ- പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ എന്നിവരുമായാണ് ഡോ. ബാബു സ്റ്റീഫൻ കൂടിക്കാഴ്ച്ച നടത്തിയത്. വിവിധ സമയങ്ങളിലായി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച്ച തികച്ചും സൗഹൃദം പുതുക്കൽ മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പിന്നീട് അറിയിച്ചു.
ഓരോ വകുപ്പ് മന്ത്രിമാരുടെ ഓഫീസിലും ഓരോ മണിക്കൂറോളം വീതം ചെലവഴിച്ച അദ്ദേഹം ഫൊക്കാന അടുത്ത രണ്ടു വർഷത്തേക്ക് നടപ്പിൽ വരുത്താൻ പോകുന്ന പദ്ധതികളെക്കുറിച്ച് ഹ്രസ്വമായി വിവരിച്ചു. ഫൊക്കാനയിൽ നിന്ന് സഹകരണം പ്രതീക്ഷിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും ഡോ.ബാബു സ്റ്റീഫനുമായി മന്ത്രിമാർ ചർച്ച ചെയ്തു. ആദ്യമായിട്ടാണ് ഒരു ദിവസം കൊണ്ട് ഇത്രയേറെ മന്ത്രിമാരെ അവരുടെ ഓഫീസിൽ പോയി സന്ദർശിക്കാൻ ഏതെങ്കിലുമൊരു അമേരിക്കൻ സംഘടനാ നേതാവിന് അവസരം ലഭിക്കുന്നത്. ഇതൊരു തുടക്കം മാത്രമെന്ന് റെക്കോർഡ് സമയംകൊണ്ട് നാലു മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം പ്രസ്‌താവിച്ച ബാബു സ്റ്റീഫൻ ഈ മാസം 24 നു നടക്കുന്ന അധികാരക്കൈമാറ്റച്ചടങ്ങിനു ശേഷം കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേർത്തു.
കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച ശേഷം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ക്യാബിനറ്റിലെ മിക്കവാറും എല്ലാ മന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്താൻ പദ്ധതിയിടുന്നുണ്ടെന്നും ഏതൊക്കെ വകുപ്പുകളുമായി സഹകരിച്ചുകൊണ്ടാവും ഫൊക്കാന പ്രവർത്തിക്കുകയെന്ന കാര്യം അപ്പോൾ കൂടുതൽ വ്യക്തമായി പറയാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. വൈകാതെ തന്നെ മന്ത്രിമാരുമായുള്ള അടുത്ത കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
2024 വാഷിംഗ്‌ടൺ ഡി.സി.യിൽ നടക്കാനിരിക്കുന്ന ഫൊക്കാന കൺവെൻഷനിലേക്ക് നാലു മന്ത്രിമാരെയും അദ്ദേഹം മുൻകൂറായിത്തന്നെ ക്ഷണിച്ചു. ഫൊക്കാന എക്കാലവും സംസ്ഥാന സർക്കാരുമായി അടുത്ത ബന്ധമാണ് പുലർത്തിവരുന്നതെന്നു പറഞ്ഞ മന്ത്രിമാർ എല്ലാ അമേരിക്കൻ മലയാളികൾക്കും പ്രത്യേകിച്ച് ഫൊക്കാന അംഗങ്ങൾക്ക് തിരുവോണത്തിന്റെ ആശംസകളും നേർന്നു.