സംസ്ഥാനത്ത് തെരുവ് നായ ആക്രമണം അതിരൂക്ഷം: ഈ വര്‍ഷം കടിയേറ്റത് രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക്; 21 മരണം

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം അതിരൂക്ഷം: ഈ വര്‍ഷം കടിയേറ്റത് രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക്; 21 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം കൂടുന്നു. ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേര്‍ക്ക് നായയുടെ കടിയേറ്റതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എണ്‍പത്തി ആറായിരം പേര്‍ക്കാണ്. ഈ വര്‍ഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.മെയ് മുതല്‍ ആഗസ്റ്റ് വരെ ചികിത്സ തേടിയത് ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരം പേരാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഏറ്റവും കൂടുതല്‍ പേ വിഷ ബാധയേറ്റുള്ള മരണം ഉണ്ടായതും ഈ വര്‍ഷമാണ്. 21 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കൊല്ലം ജില്ലയില്‍ മാത്രം ഇന്നലെ 51 പേര്‍ക്കാണ് കടിയേറ്റത്. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അതേസമയം അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചു.

വാക്‌സിന്‍ സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷത്തോളം തെരുവുനായക്കളുണ്ടെന്നാണ് മൃഗ സംരക്ഷണവകുപ്പിന്റെ പ്രാഥമിക കണക്ക്. ഇവക്കെല്ലാം വാക്‌സിന്‍ നല്‍കലാണ് സര്‍ക്കാറിന് മുന്നിലെ പ്രതിസന്ധി. ആക്രമണകാരികളായ തെരുവ് നായകളുള്ള ഹോട്ട് സ്‌പോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി അടുത്ത ആഴ്ചയോടെ വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം സംസ്ഥാനത്തെ തെരുവ് നായകളുടെ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതിയും രംഗത്തെത്തി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. സംസ്ഥാനത്തെ തെരുവുനായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.