ഗവർണർക്ക് സമചിത്തത നഷ്ടപ്പെട്ടെന്ന് എം.വി ഗോവിന്ദന്‍; പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യങ്ങൾ

ഗവർണർക്ക് സമചിത്തത നഷ്ടപ്പെട്ടെന്ന് എം.വി ഗോവിന്ദന്‍; പറയുന്നത് ലോകത്താരും വിശ്വസിക്കാത്ത കാര്യങ്ങൾ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണർ സർക്കാരിനും സർവകലാശാലക്കുമെതിരെ തെറ്റായ പ്രചാരവേല നടത്തുന്നു. ജനങ്ങളുടെ കൺമുന്നിലുള്ള കാര്യങ്ങൾ ഗവർണർ വളച്ചൊടിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

ഗവർണർ പദവിയോട് ആദരവ് കാണിക്കാറുണ്ട്, പക്ഷെ പദവിക്ക് നിരക്കാത്ത സമീപനം ഗവർണറിൽ നിന്ന് ഉണ്ടാകുന്നു. ഗവർണർ പദവിയിലിരുന്ന് കാണിക്കേണ്ട സമചിത്തത കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണവും എം.വി. ഗോവിന്ദൻ തള്ളി. പൗരത്വ ദേഭഗതി സെമിനാറിലെ പ്രതിഷേധം പൊടുന്നനെ ഉണ്ടായതാണ്. ഗവർണർ പറയുന്നത് ലോകത്ത് ആരും വിശ്വസിക്കാത്ത കാര്യമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിനെയും എസ്‍എഫ്ഐയേയും പരോക്ഷമായി ഗവര്‍ണര്‍ കടന്നാക്രമിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായിട്ടില്ല. പൊടുന്നനെയുണ്ടായ പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ സംഭവിച്ചത്. അന്ന് നടന്ന സംഭവങ്ങളെല്ലാം ജനങ്ങൾ കണ്ടതാണ്. ഇർഫാൻ ഹബീബ് വധശ്രമം നടത്തിയെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. യുണിവേഴ്സിറ്റിക്കും സർക്കാറിനുമെതിരെ ഗവർണർ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. തനിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പൊലീസ് കേസെടുത്തില്ലെന്നും ഗവർണർ ആരോപിച്ചു. 

രാഷ്ട്രീയലക്ഷ്യങ്ങൾ നേടാൻ പൊലീസിന് ഉപയോഗിക്കുന്നു. മുഖ്യമന്ത്രി പിന്നിൽ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം. അദ്ദേഹം മറനീക്കി പുറത്തുവന്നത് നന്നായി. യോഗ്യതയില്ലാത്തവരെ യൂണിവേഴ്സിറ്റികളിൽ നിയമിക്കാൻ അനുവദിക്കില്ല. യൂണിവേഴ്സിറ്റികൾ ജനങ്ങളുടേതാണ്. കുറച്ചുകാലം അധികാരത്തിൽ ഇരിക്കുന്നവരുടേതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കലാലയങ്ങൾ കുട്ടികൾ കൊല്ലപ്പെടുന്നതിൽ ഇവർ ആശങ്കപ്പെട്ടിട്ടുണ്ടോ. കുട്ടികളല്ല കുഴപ്പക്കാരെന്നും അവരെ പലതിനും ഉപയോഗിക്കുന്ന ചിലരാ​ണ് കുറ്റക്കാർ. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.