അന്വേഷണത്തോട് സഹകരിക്കുന്നില്ല; മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച പ്രതികളെ കോടതിയിൽ തിരികെ നൽകി

അന്വേഷണത്തോട് സഹകരിക്കുന്നില്ല; മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച പ്രതികളെ കോടതിയിൽ തിരികെ നൽകി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടിയെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതോടെ കോടതിയിൽ തിരികെ ഏൽപ്പിച്ചു പൊലീസ്. അന്വേഷണത്തോട് സഹകരിക്കാൻ പ്രതികൾ തയാറാകുന്നില്ലെന്നു കാട്ടിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ അഞ്ച് പ്രതികളേയും തിരികെ കോടതിയിൽ ഹാജരാക്കിയത്.

അന്വേഷണത്തോട് പ്രതികൾ സഹകരിക്കാൻ തയ്യാറാകാത്തതിനാൽ തെളിവെടുപ്പും നടന്നില്ലെന്നും സുരക്ഷാ ജീവനക്കാരെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകൾ കണ്ടെടുക്കാനായില്ലെന്നും പൊലീസ് കോടതിയെ ധരിപ്പിച്ചു.
ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉൾപ്പടെ അഞ്ചുപേരാണ് പ്രതിപട്ടികയിലുള്ളത്. കോഴിക്കോട് സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ എഴിനാണ് ജാമ്യം തള്ളിയത്. തുടർന്ന് കഴിഞ്ഞ ദിവസം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

സെപ്റ്റംബർ നാലിനാണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഇവർ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.