ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് സ്വന്തമായി ഇ-കൊമേഴ്സ് പോര്‍ട്ടലുമായി രാജ്യത്തെ വ്യാപാരികള്‍. വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സാണ് (സിഎഐടി) പോര്‍ട്ടല്‍ വികസിപ്പിക്കുന്നത്. 'ഭാരത് ഇ-മാര്‍ട്ട്' എന്ന പേരില്‍ രാജ്യമെമ്പാടും സേവനം നല്‍കുന്ന പദ്ധതി ദീപാവലിക്ക് പ്രവര്‍ത്തനം ആരംഭിക്കും.
ആദ്യഘട്ടത്തില്‍ വ്യാപാരികള്‍ക്കുമാത്രം ലഭ്യമാക്കുന്ന പോര്‍ട്ടല്‍ സേവനം പിന്നീട് പൊതുജനങ്ങള്‍ക്കായി തുറക്കും. രാജ്യത്തെവിടെയുമുള്ളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഇതുവഴി സാധിക്കും. വ്യാപാരികള്‍ നേരിട്ട് ഇ-പോര്‍ട്ടല്‍ ആരംഭിക്കുന്നതോടെ ഇ-കൊമേഴ്‌സ് മേഖലയിലെ ആഗോള കുത്തകക്കമ്പനികള്‍ക്ക് തിരിച്ചടിയാകും.
സെപ്റ്റംബര്‍ 26 മുതല്‍ പോര്‍ട്ടലില്‍ വ്യാപാരികളുടെ രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് സിഎഐടി ദേശീയ സെക്രട്ടറി എസ്.എസ്. മനോജ് പറഞ്ഞു. സിഎഐടിക്ക് കീഴിലുള്ള ചെറുതും വലുതുമായ അരലക്ഷത്തോളം വ്യാപാരിസംഘടനകളിലുള്ളവര്‍ക്ക് സൗജന്യമായി പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്യാം. ജിഎസ്ടി അടയ്ക്കാത്ത ചെറുകിട വ്യാപാരികള്‍ക്കും ചേരാം. സംഘടനയ്ക്കുകീഴിലെ എല്ലാ വ്യാപാരികളെയും ഇതിന്റെ ഭാഗമാക്കും. ആകെ എട്ടുകോടിയോളം വ്യാപാരികളാണുള്ളത്.
വ്യാപാരികള്‍ക്കുപുറമേ വിതരണക്കാരെയും മാര്‍ക്കറ്റിങ് മേഖലയിലുള്ളവരെയും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. അതിനാല്‍ വലിയ ചെലവില്ലാതെ ഈ സാധനങ്ങള്‍ എത്തിക്കാനുമാകും. സാധനസാമഗ്രികള്‍ മാത്രമല്ല ബാങ്ക്, ഇന്‍ഷുറന്‍സ്, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ സേവനങ്ങളും പോര്‍ട്ടല്‍ വഴി ലഭ്യമാക്കും.
മൂന്നുവര്‍ഷത്തിലേറെയായി പോര്‍ട്ടലിന്റെ അണിയറ ജോലികള്‍ നടന്നുവരുകയാണ്. ഇതിനായി മൊബൈല്‍ ആപ്പുമുണ്ട്. കമ്മിഷനായി പണമീടാക്കാതെയാകും സേവനം. പരമാവധി വ്യാപാരികളെ ചേര്‍ത്ത് പങ്കാളിത്തം ഉറപ്പാക്കും. വ്യാപാരികള്‍ക്ക് പോര്‍ട്ടല്‍ പരിചയപ്പെടുത്താന്‍ വിവിധ സംസ്ഥാനങ്ങളില്‍ സിഎഐടി ശില്പശാലകള്‍ നടത്തിവരുകയാണ്. കേരളഘടകത്തിന്റെ നേതൃത്വത്തില്‍ 27 ന് തിരുവനന്തപുരത്ത് ശില്പശാല നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.