വിശപ്പിൻ്റെ വിളിക്ക് കാതോർത്ത് കെ.സി.വൈ.എം സംസ്ഥാന സമിതി

വിശപ്പിൻ്റെ വിളിക്ക് കാതോർത്ത് കെ.സി.വൈ.എം സംസ്ഥാന സമിതി

കൊച്ചി: "പൈയ്ക്കുന്ന പള്ളയിലെ തീയണക്കാൻ" എന്ന ലക്ഷ്യത്തോടെ കെ സി വൈ എം സംസ്ഥാന സമിതി കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും സഹകരണത്തോടെ ആതുരാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഭക്ഷണ വിതരണ പദ്ധതിയായ സ്നേഹപൂർവ്വം കെ.സി.വൈ.എം ന് കേരളത്തിൻ്റെ നാല് മേഖലകളിൽ ആരംഭം കുറിച്ചു.       

മനുഷ്യൻ്റെ ഏറ്റവും വലിയ അത്യാവശ്യം വിശപ്പാണെന്ന തിരിച്ചറിവോടെ, ആശുപത്രി വരാന്തകളിൽ ഒറ്റപ്പെടുന്ന ജീവിതങ്ങൾക്ക് ഒരു പൊതിച്ചോറിൻ്റെ ആശ്വാസം പകരാനുള്ള കത്തോലിക്ക യുവജനങ്ങളുടെ സേവനതീക്ഷണതയാണ് "സ്നേഹപൂർവ്വം കെ.സി.വൈ.എം" പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിൻ്റെ എല്ലാ മേഖലകളിലെയും ആശുപത്രികൾ കേന്ദ്രീകരിച്ച് 32 രൂപതകളുടെയും സഹകരണത്തോടെ മാസം തോറും നടപ്പിലാക്കുന്ന ഭക്ഷണ വിതരണം ആയിരങ്ങൾക്ക് ഒരു നേരത്തെ വിശപ്പ് അടക്കാനുള്ള ആശ്രയം ആയി മാറും. സ്നേഹപൂർവ്വം പദ്ധതിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് നവജീവൻ ട്രസ്റ്റ് ചെയർമാനും ജീവകാരുണ്യ - ഭക്ഷണ വിതരണ രംഗത്ത് പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യവുമുള്ള ശ്രീ. പി യു തോമസ് നിർവ്വഹിച്ചു.

സെപ്റ്റംബർ 18 ന് തുടക്കം കുറിച്ച ഈ പദ്ധതി കേരളത്തിലെ വിവിധ മേഖലകളിൽ രൂപതകളുടെ സഹകരണത്തോടെ നടത്തപ്പെട്ടു.മലബാർ മേഖലയിലെ പൊതിച്ചോറ് വിതരണം താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചും വടക്കൻ മേഖലയുടെ പരിപാടി മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ മൂവാറ്റുപുഴ താലൂക്ക് ഹോസ്പിറ്റലിൽ വെച്ചും മധ്യമേഖലാതല പരിപാടി കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജിൽ വെച്ചും, പുനലൂർ രൂപതയുടെ ആതിഥേയത്വത്തിൽ തെക്കൻ മേഖലാ തല പരിപാടി പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ വെച്ചും നടത്തപ്പെട്ടു.

വിവിധ മേഖലകളിൽ രൂപത ഡയറക്ടർമാർ, പ്രസിഡൻ്റുമാർ, രൂപത ഭാരവാഹികൾ എന്നിവർക്ക് പുറമെ സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങൾ, സംസ്ഥാന ഭാരവാഹികളായ ഷിജോ ഇടയാടിയിൽ, ബിച്ചു കുര്യൻ തോമസ് , ജിബിൻ ഗബ്രിയേൽ, ഡെലിൻ ഡേവിഡ്, ലിനു വി ഡേവിഡ്, ഷിജോ നിലക്കപ്പള്ളി, സ്മിത ആൻറണി, ലിനറ്റ് വർഗ്ഗീസ്, തുഷാര തോമസ് എന്നിവരും മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നല്കി. വരും മാസങ്ങളിലും പൊതിച്ചോറ് വിതരണ പരിപാടി കൂടുതൽ സജീവമായി തുടരാനാണ് കെ.സി.വൈ.എം പ്രവർത്തകരുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.