ഇറാനിലെ മത പൊലീസും മഹ്സ അമിനിയുടെ മരണവും

ഇറാനിലെ മത പൊലീസും മഹ്സ അമിനിയുടെ മരണവും

ഇറാനിലെ സദാചാര പൊലീസ് എന്ന് വിളിക്കപ്പെടുന്ന മത പൊലീസിന്റെ അതിക്രമത്തിന് ഇരയായി 22 കാരിയായ മഹ്സ അമിനി മരിക്കാനിടയായത് ഇറാനില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. ഈ കാരണം കൊണ്ട് ഇറാനിലെ മത പൊലീസ് ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇസ്ലാമിക ധാര്‍മ്മികതയുടെ ബഹുമാനം ഉറപ്പു വരുത്തുന്നതിനും 'അനുചിതമായ' വസ്ത്രം ധരിക്കുന്നവരെ തടങ്കലില്‍ വയ്ക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന പ്രത്യേക പൊലീസ് യൂണിറ്റുകളാണ് ഗാഷ്-ഇ എര്‍ഷാദ് (മാര്‍ഗനിര്‍ദേശ പട്രോളുകള്‍) എന്ന ഇറാനിയന്‍ മതപൊലീസ്.

ഇറാനിയന്‍ നിയമപ്രകാരം രാജ്യത്തെ ശരീയത്ത് നിയമത്തെ അടിസ്ഥാനമാക്കി സ്ത്രീകള്‍ ഹിജാബ് (ശിരോവസ്ത്രം) കൊണ്ട് മുടി മറയ്ക്കാനും അവരുടെ ശരീരം പൂര്‍ണ്ണമായി മറയ്ക്കാന്‍ നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍ ധരിക്കാനും ബാധ്യസ്ഥരാണ്.

സ്ത്രീകള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെങ്കില്‍ പുരുഷന്മാര്‍ പ്രകോപിതരാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്യും എന്ന വാദഗതിക്കനുസൃതമായിട്ടാണ് സദാചാര പൊലീസ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്യുന്നത് എന്നാണ് അവരുടെ വാദം.

നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന ആറ് പേരടങ്ങുന്ന ടീമുകളായാണ് സാധാരണ സദാചാര പൊലീസ് പരിശോധന നടത്തുന്നത്. കാല്‍നട യാത്രികര്‍ കൂടുതലുള്ള സ്ഥലങ്ങളിലും ജനക്കൂട്ടം കൂടുന്ന സ്ഥലങ്ങളിലുമാണ് അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ത്രീകളെ സംരക്ഷിക്കുന്നു എന്ന വ്യാജേന അവരെ അറസ്റ്റ് ചെയ്ത് കൂടുതല്‍ വിചാരണക്കായി കൊണ്ട് പോകുകയാണ് പതിവ്.

1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് 'മോശം ഹിജാബിനെതിരെ' ഇറാനിയന്‍ അധികാരികളുടെ പോരാട്ടം ആരംഭിക്കുന്നത്. ശിരോവസ്ത്രമോ മറ്റ് നിര്‍ബന്ധിത വസ്ത്രങ്ങളോ തെറ്റായി ധരിക്കുന്നത് ഒഴിവാക്കി സ്ത്രീകളെ മാന്യമായി വസ്ത്രം ധരിപ്പിക്കുക എന്നതായിരുന്നു അധികാരികളുടെ പ്രധാന ലക്ഷ്യം. മിനിസ്‌കര്‍ട്ടുകളും മൂടാത്ത മുടിയുമായി നടന്നിരുന്ന ഇറാനിലെ ജനങ്ങള്‍ പതിയെ ദേഹം പൂര്‍ണമായും മൂടുന്ന വസ്ത്രങ്ങളും ശിരോവസ്ത്രങ്ങളും ശീലമാക്കിത്തുടങ്ങി.

ഇസ്ലാമിക് റിപ്പബ്ലിക്ക് സ്ഥാപിതമായി മാസങ്ങള്‍ക്കുള്ളില്‍, മുന്‍ പ്രസിഡന്റ് ഷായുടെ കീഴില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ റദ്ദാക്കി തുടങ്ങി. തെരുവുകളില്‍ സ്ത്രീകളും പുരുഷന്മാരും ഗിഫ്റ്റ് പേപ്പറില്‍ പൊതിഞ്ഞ ശിരോവസ്ത്രം സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കി.

1979 മാര്‍ച്ച് ഏഴിന് ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവായ അയത്തുള്ള റുഹോല്ല ഖൊമേനി എല്ലാ സ്ത്രീകള്‍ക്കും അവരുടെ ജോലിസ്ഥലത്ത് ഹിജാബുകള്‍ നിര്‍ബന്ധമാണെന്നും മൂടുപടമില്ലാത്ത സ്ത്രീകളെ 'നഗ്‌നരായി' കണക്കാക്കുമെന്നും ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവിനെതിരെ ജനങ്ങള്‍ പ്രതികരിച്ചു. ലക്ഷത്തിലധികം ആളുകള്‍ ടെഹ്‌റിനിലെ തെരുവുകളില്‍ ഒത്തുകൂടി പ്രതിഷേധിച്ചു.

സ്ത്രീകളുടെ വസ്ത്ര ധാരണം എപ്രകാരമായിരിക്കണമെന്ന് കാണിക്കുന്ന പോസ്റ്ററുകളും ബാനറുകളും സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രദര്‍ശിപ്പിച്ചു. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ത്രീകള്‍ക്ക് ഓഫിസുകളില്‍ പ്രവേശനം ഉണ്ടായിരുന്നില്ല.

പൊതുസ്ഥലത്ത് മുടി മറയ്ക്കാത്ത സ്ത്രീകള്‍ക്ക് 74 ചാട്ടവാറടി നല്‍കാമെന്ന് 1983ല്‍ പാര്‍ലമെന്റ് തീരുമാനിച്ചു. അടുത്തിടെ 60 ദിവസം വരെ തടവ് ശിക്ഷയും കൂട്ടിച്ചേര്‍ത്തു.

തീവ്ര യാഥാസ്ഥിതികനായ അന്നത്തെ ടെഹ്റാന്‍ മേയറായിരുന്ന മഹമൂദ് അഹമ്മദിനെജാദ് 2004ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രചാരണം നടത്തുമ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ പുരോഗമനപരമായി അഭിപ്രായം പറഞ്ഞു എങ്കിലും 2005ല്‍ പ്രസിഡന്റായി അധികാരം ഏറ്റെടുത്തപ്പോള്‍ ഉടന്‍ തന്നെ ഗാഷ്-ഇ എര്‍ഷാദ് എന്ന സദാചാര പൊലീസ് ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു.

അറസ്റ്റ് ചെയ്യുന്ന സ്ത്രീകളെ ഭാവിയില്‍ നിയമങ്ങള്‍ പാലിക്കുമെന്ന് ഒരു ബന്ധു ഉറപ്പു നല്‍കുമ്പോള്‍ മാത്രമേ വിട്ടയക്കാറുള്ളു. വസ്ത്രധാരണം മാത്രമല്ല, സൗന്ദ്യര്യ സംവര്‍ദ്ധകങ്ങള്‍, മോടിയേറിയ ചെരിപ്പുകള്‍ എന്നിവ ഉപയോഗിച്ചാലും അറസ്റ്റ് ചെയ്യപ്പെടാന്‍ ഇടയുണ്ട്.

കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട കടുത്ത മതപണ്ഡിതനായ പുതിയ പ്രസിഡന്റ് ഇബ്രാഹിം റൈസി, സ്ത്രീകളുടെ വസ്ത്രധാരണ നിയന്ത്രണങ്ങളുടെ ഒരു പുതിയ പട്ടിക നടപ്പിലാക്കുന്നതിനുള്ള ഉത്തരവില്‍ ഓഗസ്റ്റ് 15ന് ഒപ്പുവച്ചു.

സ്ത്രീകളെ നിരീക്ഷിക്കുന്നതിനും പിഴ ചുമത്തുന്നതിനും അല്ലെങ്കില്‍ അവരെ 'കൗണ്‍സിലിങ്ങിന്' റഫര്‍ ചെയ്യുന്നതിനും നിരീക്ഷണ ക്യാമറകള്‍ ഏര്‍പ്പെടുത്തുകയും ഹിജാബ് നിയമങ്ങളെ ഓണ്‍ലൈനില്‍ ചോദ്യം ചെയ്യുകയോ ഇത് സംബന്ധിച്ച് പോസ്റ്റു ചെയ്യുകയോ ചെയ്യുന്ന ഏതൊരു ഇറാനിയനും നിര്‍ബന്ധിത ജയില്‍ ശിക്ഷയും പുതിയ ഉത്തരവില്‍ ഉള്‍പ്പെടുന്നു.

ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ അറസ്റ്റുകള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചു. ശിരോവസ്ത്രം ധരിക്കാതെ സ്വയം ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു. അമിനിയുടെ മരണത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് കൂടുതല്‍ തീവ്രമായി. സ്ത്രീകളോടൊപ്പം പുരുഷന്മാരും ഈ ദിവസങ്ങളില്‍ തെരുവിലിറങ്ങി എന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് സന്തോഷം പകരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന ഇത്തരം നിയമങ്ങള്‍ ഇല്ലാതാകും എന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.