ന്യൂഡൽഹി: ഈ വർഷം ആദ്യം തിരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ പ്രചരണത്തിനായി ബിജെപി ചെലവഴിച്ചത് 340 കോടിയിലധികം രൂപ. ഇതിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലാണ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ വർഷം മാർച്ച് 10 ന് ഫലം പ്രഖ്യാപിച്ച ഫെബ്രുവരിയിലും മാർച്ചിലുമായി നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാലിടത്താണ് ബിജെപി വിജയിച്ചത്. പഞ്ചാബിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. 2017 ൽ തിരഞ്ഞെടുപ്പിനായി ഈ അഞ്ചു സംസ്ഥാനങ്ങളിൽ ബിജെപി ചെലവഴിച്ചത് 218.26 കോടിയായിരുന്നു. ഏകദേശം 58 ശതമാനത്തിലധികം വർധനയാണ് അഞ്ച് വർഷത്തിനുള്ളിൽ ഉണ്ടായത്.
2017 നെ അപേക്ഷിച്ച് 26 ശതമാനത്തിലധം തുകയാണ് 2022 ൽ ബിജെപി ഉത്തർപ്രദേശിൽ ചെലവഴിച്ചത്. അധികാര തുടർച്ച നേടിയെങ്കിലും കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ ബിജെപി വിജയിച്ചത്. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബിജെപി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച രണ്ട് സംസ്ഥാനങ്ങൾ ഗോവയും പഞ്ചാബുമാണ്.
ഇത്തവണ 36.70 കോടി രൂപയാണ് ബി ജെ പി പഞ്ചാബിൽ ചെലവഴിച്ചത്. 2017 ലാകട്ടെ വെറും 7.43 കോടി രൂപ. എന്നാൽ അഞ്ച് മടങ്ങ് അധികം പണം ചെലവഴിച്ചിട്ടും ഇക്കുറിയും പഞ്ചാബിൽ നിലം തൊടാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. അമരീന്ദർ സിംഗിന്റെ പാർട്ടിയായിരുന്ന പഞ്ചാബ് ലോക് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച പാർട്ടിക്ക് കനത്ത നിരാശയായിരുന്നു നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് ആകെ ലഭിച്ചത് രണ്ട് സീറ്റുകളായിരുന്നു.
ബിജെപി അധികാര തുടർച്ച നേടിയ മറ്റൊരു സംസ്ഥാനമായ ഗോവയിൽ 19.07 കോടിയായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചെലവ്. 4.3 കോടിയായിരുന്നു 2017 ൽ ബി ജെ പി ഗോവയിൽ ചെലവഴിച്ചത്. മണിപ്പൂരിലും ഉത്തരാഖണ്ഡിലും 23.52 കോടി രൂപയും 43.67 കോടി രൂപയും ആയിരുന്നു.
നേതാക്കളുടെ യാത്രകൾ, പൊതുയോഗങ്ങൾ, ജാഥകൾ, പരസ്യങ്ങൾ എന്നിവയ്ക്കാണ് അഞ്ച് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ മൊത്തം തിരഞ്ഞെടുപ്പ് ചെലവിന്റെ കൂടുതലും വിനിയോഗിച്ചത്. വെർച്വൽ പ്രചാരണത്തിനായി പാർട്ടി 12 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
അതേസമയം കോൺഗ്രസ് ജൂലൈ 11 ന് സമർപ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ടിൽ മൊത്തം 194.80 കോടി രൂപ ചെലവഴിച്ചതായി പ്രഖ്യാപിച്ചു. അതിൽ 102.65 കോടി രൂപ പൊതു പാർട്ടി പ്രചാരണത്തിനും 90.23 കോടി രൂപ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികൾക്കും നൽകി. സോഷ്യൽ മീഡിയയും മറ്റും ഉപയോഗിച്ചുള്ള വെർച്വൽ കാമ്പെയിനുകൾക്കായി 15.67 കോടി രൂപയാണ് പാർട്ടി ചെലവഴിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.