കാൻബറ: കുട്ടികളുടെ കളിമണൽ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന ആസ്‌ബറ്റോസ് അംശം കണ്ടെത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ തലസ്ഥനമായ കാൻബറയിലെയും സമീപ പ്രദേശങ്ങളിലെയും 71 പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടി. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ എന്ന നിലയിലാണ് സ്കൂളുകൾ അടച്ചത്.
കളിമണലിലെ വിഷാംശം ആരോഗ്യത്തിന് കുറഞ്ഞ അപകടസാധ്യത മാത്രമാണ് ഉണ്ടാക്കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിലയിരുത്തിയിട്ടുണ്ടെങ്കിലും ഇന്ന് സ്കൂളുകൾ പൂർണമായും അടച്ച് പരിശോധനയും ശുചീകരണവും നടത്താൻ തീരുമാനിക്കുകയായിരുന്നു.
കെമാർട്ട്, ടാർഗെറ്റ് എന്നീ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിച്ചിരുന്ന കളർ പ്ലേ സാൻഡ് ഉൽപ്പന്നങ്ങളിൽ ആസ്‌ബറ്റോസ് അംശം കണ്ടെത്തിയതിനെ തുടർന്ന് അവ തിരിച്ചുവിളിച്ചിരുന്നു. ഈ ഉൽപ്പന്നങ്ങൾ സ്കൂളുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്കൂളുകൾ അടച്ചത്.
വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഓഡിറ്റിൽ തിരിച്ചുവിളിച്ച കളിമണൽ ഉൽപ്പന്നങ്ങൾ ടെറിട്ടറിയിലെ 69 സ്കൂളുകളിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. കൂടാതെ മറ്റ് മൂന്ന് സ്കൂളുകളിൽ ചെറിയ അളവിലും ഇവ ഉണ്ടായിരുന്നു. ആകെ പൊതുവിദ്യാലയങ്ങളിൽ 20 എണ്ണത്തിൽ മാത്രമാണ് ഈ ഉൽപന്നങ്ങൾ ഇല്ലാതിരുന്നത്.
ഇതിന് മുൻപ് ഷാംറോക്ക് ഓസ്‌ട്രേലിയ, എഡ്യൂക്കേഷണൽ കളേഴ്സ് എന്നീ കമ്പനികളുടെ കളിമണൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ തന്നെ ഡസനിലധികം പ്രൈമറി, പ്രീ-സ്‌കൂളുകൾ ഭാഗികമായോ പൂർണമായോ അടച്ചിരുന്നു.
കളിമണലിൽ നിന്ന് ആസ്‌ബറ്റോസ് നാരുകൾ ശ്വസിക്കാൻ കഴിയുന്ന രൂപത്തിൽ പുറത്തുവരാൻ സാധ്യത കുറവാണെന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ പറയുന്നു. എന്നിരുന്നാലും ഉപഭോക്താക്കൾ ഉൽപ്പന്നങ്ങൾ ഉടൻ ഉപയോഗിക്കുന്നത് നിർത്തി സുരക്ഷിതമായ രീതിയിൽ സംസ്കരിക്കാൻ നിർദേശം നൽകി.
ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തും മുൻകരുതൽ എന്ന നിലയിൽ എല്ലാ പൊതു വിദ്യാലയങ്ങൾക്കും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂസിലാൻഡിലെ ചില സ്കൂളുകളിലും പരിശോധനകൾക്കായി ക്ലാസ് മുറികൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.