ഫിലമെന്റ് രഹിത കേരളം: കെട്ടിക്കിടക്കുന്നത് 1.83 ലക്ഷം എല്‍.ഇ.ഡി ബള്‍ബുകള്‍; ഒഴിവാക്കാന്‍ കെഎസ്ഇബി

ഫിലമെന്റ് രഹിത കേരളം: കെട്ടിക്കിടക്കുന്നത് 1.83 ലക്ഷം എല്‍.ഇ.ഡി ബള്‍ബുകള്‍; ഒഴിവാക്കാന്‍ കെഎസ്ഇബി

തൃശൂര്‍: വിതരണം ചെയ്യാതെ കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ കെട്ടിക്കിടക്കുന്നത് 1.83 ലക്ഷം എല്‍.ഇ.ഡി ബള്‍ബുകള്‍. വാറന്റി തീരാറായ ഇവ വിവിധ ഓഫിസുകള്‍ക്ക് കൈമാറി ഒഴിവാക്കാന്‍ ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് കെ.എസ്.ഇ.ബി നിര്‍ദേശം നല്‍കി.

ഫിലമെന്റ് രഹിത കേരളം പദ്ധതിക്കായി വാങ്ങിക്കൂട്ടിയ എല്‍.ഇ.ഡി ബള്‍ബുകളാണ് രണ്ട് വര്‍ഷ വാറന്റി തീരാറായ അവസ്ഥയില്‍ അംഗന്‍വാടികള്‍, ആശുപത്രികള്‍, ലൈബ്രറികള്‍ തുടങ്ങിയവയ്ക്ക് കൈമാറുന്നത്. പ്രതിമാസം 50 യൂനിറ്റില്‍ കുറവ് ഉപഭോഗമുള്ള വീടുകള്‍ക്ക് സൗജന്യമായി എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കും.

2021 ജനുവരി ഏഴിന് ഉദ്ഘാടനം കഴിഞ്ഞ പദ്ധതിയില്‍ ഭാഗികമായി എല്‍.ഇ.ഡി വിതരണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട നടപടി സ്വീകരിച്ചു വരവേയാണ് പഴയ സ്റ്റോക്കിലെ ബാക്കി സംബന്ധിച്ച കാര്യം കെ.എസ്.ഇ.ബി ഡയറക്ടര്‍മാരുടെ യോഗത്തില്‍ ചര്‍ച്ചയായത്.

സംസ്ഥാനത്തെ മുഴുവന്‍ ഫിലമെന്റ് ബള്‍ബുകളും ഒഴിവാക്കി പകരം എല്‍.ഇ.ഡി വിളക്കുകള്‍ കൊണ്ടു വരാന്‍ ലക്ഷ്യമിട്ട കേരള ഊര്‍ജ മിഷന്റെ പദ്ധതിയാണ് ഫിലമെന്റ് രഹിത കേരളം. 2021 ജനുവരി ഏഴിന് ഉദ്ഘാടനം ചെയ്ത പദ്ധതിയിലേക്കുള്ള ബള്‍ബുകള്‍ 16 ഇലട്രിക്കല്‍ സര്‍ക്കിള്‍ സ്റ്റോറുകളില്‍ സ്ഥലം മുടക്കിയായി കെട്ടിക്കിടപ്പാണ്.

കേന്ദ്ര ഏജന്‍സിയായ എനര്‍ജി എഫിഷ്യന്‍സി സര്‍വിസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എല്‍) വഴി 1.5 കോടി എല്‍.ഇ.ഡി ബള്‍ബുകളാണ് സബ്‌സിഡി നിരക്കില്‍ കെ.എസ്.ഇ.ബി വാങ്ങിയത്. ഇതില്‍ 1.4749 കോടി ബള്‍ബുകള്‍ ആദ്യം 95 രൂപക്കും പിന്നീട് 60 രൂപക്കും ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിങ് പ്രോഗ്രാം, ഉജാല പദ്ധതിയില്‍ വിതരണം ചെയ്തു. ബാക്കി എല്‍.ഇ.ഡി ബള്‍ബുകള്‍ അടിയന്തരമായി ഇവ എത്താത്ത ഒന്‍പത് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ സ്റ്റോറുകളിലെത്തിക്കാന്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.