മറ്റേറ (ഇറ്റലി): ദരിദ്രരോട് അനുകമ്പ പ്രകടിപ്പിക്കാതെ ദിവ്യകാരുണ്യ ആരാധനയ്ക്ക് പ്രസക്തിയില്ലെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഭൂമിയിലെ നമ്മുടെ അസ്തിത്വം ഇല്ലാതാകുമ്പോള്‍, ദിവ്യകാരുണ്യം പുനരുത്ഥാനത്തിന്റെ വാഗ്ദാനത്തെ മുന്‍കൂട്ടി കാണിക്കുകയും മരണത്തെ കീഴടക്കുന്ന പുതിയ ജീവിതത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്നു.
ഇറ്റാലിയന്‍ നഗരമായ മറ്റേറയില്‍ നടന്ന ഇരുപത്തിയേഴാമത് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപന ദിവ്യബലിയില്‍ മുഖ്യകാര്‍മ്മകത്വം വഹിച്ചശേഷം സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. ലൂക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായം 19 മുതല്‍ 31 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിചിന്തനത്തിനു വിധേയമാക്കിയത്.
സുഭിക്ഷമായി ഭക്ഷിച്ച് ജീവിതം ആസ്വദിച്ചിരുന്ന ധനികനെക്കുറിച്ചും അവന്റെ മേശയില്‍നിന്നു വീഴുന്ന ആഹാരത്തിന്റെ നുറുക്കുകള്‍ കൊണ്ട് വിശപ്പടക്കാമെന്ന് വ്യര്‍ത്ഥമായി ആഗ്രഹിക്കുന്ന ദരിദ്രനായ ലാസറിനെക്കുറിച്ചും പറയുന്ന വേദഭാഗമാണ് പാപ്പ വിശദീകരിച്ചത്.
മറ്റേറയിൽ നടന്ന ദിവ്യബലിയില്‍നിന്ന്
യേശു ശിഷ്യരോടു വിവരിക്കുന്ന ഈ ഉപമയിലെ സന്ദേശം ഉള്‍ക്കൊള്ളാന്‍ പാപ്പ വിശ്വാസികളെ ക്ഷണിക്കുന്നു. ഒരുവശത്ത് പട്ടും മൃദുലവസ്ത്രങ്ങളും ധരിച്ച് ആഡംബരത്തോടെ ജീവിക്കുകയും ഭക്ഷിക്കുകയും, തന്റെ ഐശ്വര്യം സദാ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന ധനികന്‍. എന്നാല്‍ മറുവശത്തോ ശരീരം മുഴുവന്‍ വ്രണങ്ങളാല്‍ മൂടപ്പെട്ട ദരിദ്രനായ പാവം മനുഷ്യന്‍. ധനികന്റെ മേശയില്‍ നിന്ന് വീഴുന്ന ആഹാരത്തിന്റെ അവശിഷ്ടങ്ങള്‍ എടുത്തുകഴിച്ച് വിശപ്പടക്കാമെന്ന് പ്രതീക്ഷിച്ച് അവന്റെ പടിവാതില്‍ക്കല്‍ കിടക്കുന്നു.
ഈ വൈരുദ്ധ്യത്തെ അഭിമുഖീകരിക്കുമ്പോള്‍, ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ അടിസ്ഥാനമായ ദിവ്യകാരുണ്യമെന്ന കൂദാശ എന്താണെന്ന് നാം സ്വയം ചോദിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു.
ദിവ്യകാരുണ്യ ആരാധന നമ്മെ പഠിപ്പിക്കുന്നത് ദൈവത്തിനു നല്‍കേണ്ട പ്രഥമ സ്ഥാനത്തെക്കുറിച്ചാണ്. ഉപമയിലെ ധനികന്‍ ദൈവത്തിനായി തന്റെ ഹൃദയം തുറന്നിടുന്നില്ല. അവന്‍ സ്വന്തം ക്ഷേമത്തെക്കുറിച്ചും തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനെക്കുറിച്ചും ജീവിതം ആസ്വദിക്കുന്നതിനെക്കുറിച്ചും മാത്രമേ ചിന്തിക്കുന്നുള്ളൂ. അവന്‍ സ്വയം ആനന്ദിക്കുകയും ലൗകിക സമ്പത്തിനെ ആരാധിക്കുകയും ചെയ്യുന്നു. അവന്‍ തന്റെ ചെറിയ ലോകത്ത് മറ്റാരുമായും ബന്ധമില്ലാതെ അടഞ്ഞിരിക്കുന്നു. ആത്മസംതൃപ്തിക്കു വേണ്ടി പണം ചെലവഴിച്ച് മദ്യപിച്ചും ഭൗതിക സൗകര്യങ്ങളുടെ മായയില്‍ മയങ്ങിയും ജീവിക്കുന്നു. ദൈവത്തിന് അവന്റെ ജീവിതത്തില്‍ സ്ഥാനമില്ല, കാരണം അവന്‍ സ്വയം ആരാധിക്കുന്നു.
ഇവിടെ യേശു അവന്റെ പേരു പറയുന്നില്ല എന്നത് യാദൃശ്ചികമല്ല. അവനെ 'സമ്പന്നന്‍' എന്ന് വിശേഷിപ്പിക്കുന്നു. കാരണം അവന്റെ വ്യക്തിത്വമെന്നത് അവന്‍ സമ്പാദിച്ച വസ്തുക്കളില്‍ അടങ്ങിയിരിക്കുന്നു.
ഇത് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യമാണെന്നു പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. ആളുകളെ അവരുടെ സമ്പത്ത്, അവര്‍ ധരിക്കുന്ന വേഷങ്ങള്‍ അല്ലെങ്കില്‍ അവര്‍ വഹിക്കുന്ന പദവികള്‍ എന്നിവ ഉപയോഗിച്ച് വിലയിരുത്തുന്നു. ഇത്തരത്തില്‍ സ്വന്തമാക്കലിന്റെയും അതു പ്രദര്‍ശിപ്പിക്കുന്നതിന്റെയും ഒരു സമ്പ്രദായമാണ് ഈ ലോകത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. പക്ഷേ ജീവിതാവസാനം ഇതെല്ലാം നമ്മെ വെറും കൈയോടെ ഉപേക്ഷിക്കുന്നു.
അതേസമയം, മറുവശത്ത് ദരിദ്രനായ മനുഷ്യന് ഒരു പേരുണ്ട്, ലാസര്‍. അതിനര്‍ത്ഥം 'ദൈവം സഹായിക്കുന്നവന്‍' എന്നാകുന്നു. ദാരിദ്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും അവസ്ഥയിലൂടെ കടന്നുപോയിട്ടും, ദൈവവുമായുള്ള ബന്ധത്തില്‍ ജീവിക്കുന്നതിനാല്‍ അവന്റെ അന്തസിന് കോട്ടം സംഭിക്കുന്നില്ല. അതു ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. അവന്റെ പേരില്‍ തന്നെ ദൈവവുമായുള്ള ബന്ധമുണ്ട്. ദൈവം അവന്റെ ജീവിതത്തിലെ അചഞ്ചലമായ പ്രതീക്ഷയാണ്.
'ദിവ്യകാരുണ്യം നമ്മുടെ ജീവിതത്തിന് നല്‍കുന്ന വെല്ലുവിളിയും ഇതാണ്, സ്വയം ആരാധിക്കാതെ ദൈവത്തെ ആരാധിക്കുക - പാപ്പ ഉദ്‌ബോധിപ്പിച്ചു.
ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കണമെന്ന് വിശ്വാസികളെ ഓര്‍മിപ്പിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു. നാം നമ്മെത്തന്നെ ആരാധിക്കുമ്പോള്‍ സ്വയം ചുരുങ്ങി ശ്വാസംമുട്ടി മരിക്കുന്നു. സമ്പത്തിനെ ആരാധിച്ചാല്‍, അതു നമ്മെ കീഴ്‌പ്പെടുത്തുകയും അടിമകളാക്കുകയും ചെയ്യും. നാം പ്രത്യക്ഷ ദൈവത്തെ ആരാധിക്കുകയും ജീവിതം വ്യര്‍ഥമായി പാഴാക്കുകയും ചെയ്യുന്നു. എന്നാല്‍ താമസിയാതെ ജീവിതം കണക്കു ചോദിച്ച് നമ്മുടെ മുന്നിലെത്തും.
പകരം, വിശുദ്ധ കുര്‍ബാനയില്‍ വസിക്കുന്ന ഈശോയെ ആരാധിക്കുമ്പോള്‍, നമ്മുടെ ജീവിതത്തിന് ഒരു പുതിയ ഭാവം ലഭിക്കുന്നു. എന്റെ കൈവശമുള്ളതും ഞാന്‍ നേടിയെടുക്കുന്ന വിജയവുമല്ല എന്റെ ജീവിതത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്. ഞാന്‍ പരാജയപ്പെടുകയും വീഴുകയും ചെയ്യുമ്പോള്‍ ആ മൂല്യം കുറയുകയും ചെയ്യുന്നില്ലെന്ന് പാപ്പ ചൂണ്ടിക്കാട്ടി.
ഞാന്‍ ദൈവത്തിന്റെ പ്രിയപുത്രനാണ്. ഞാന്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവനാണ്. അവന്‍ എന്നെ സൗന്ദര്യം ധരിപ്പിച്ചിരിക്കുന്നു. എല്ലാ ബന്ധനങ്ങളില്‍ നിന്നും ഞാന്‍ സ്വതന്ത്രനാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തെ ആരാധിക്കുന്നവന്‍ ആരുടെയും അടിമയാകുന്നില്ല - മാര്‍പാപ്പ തുടര്‍ന്നു.
ദൈവത്തിന് പ്രഥമസ്ഥാനം നല്‍കുന്നതിനു പുറമെ, നമ്മുടെ സഹോദരീസഹോദരന്മാരെ സ്നേഹിക്കാനും വിശുദ്ധ കുര്‍ബാന ആഹ്വാനം ചെയ്യുന്നു. ഈ അപ്പം സ്‌നേഹത്തിന്റെ കൂദാശയാണെന്ന് പാപ്പ വ്യക്തമാക്കി. 'തന്നെത്തന്നെ സ്വയം സമര്‍പ്പിക്കുകയും മുറിക്കുകയും ചെയ്ത ക്രിസ്തു നമ്മോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്നു.
ഉപമയിലെ ധനികന്‍ ഈ ദൗത്യത്തില്‍ പരാജയപ്പെടുന്നു. അവന്റെ ജീവിതാവസാനത്തില്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കുമ്പോള്‍ ദൂരെ അബ്രാഹത്തെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു. അബ്രഹാം ധനികനോട് പറയുന്നു, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല. (ലൂക്ക 16:26).
നമ്മുടെ നിത്യജീവന്‍ ഈ വര്‍ത്തമാന ജീവിതത്തെ ആശ്രയിച്ചിരിക്കുന്നു: നമുക്കും നമ്മുടെ സഹോദരന്മാര്‍ക്കും ഇടയില്‍ ഒരു വിടവ് സൃഷ്ടിച്ചാല്‍ പിന്നീട് നാം സ്വയം ശവക്കുഴി കുഴിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ മുന്നറിയിപ്പു നല്‍കി.
നമ്മുടെ സഹോദരങ്ങള്‍ക്കെതിരെ മതിലുകള്‍ പണിതുയര്‍ത്തുമ്പോള്‍, നാം ഏകാന്തതയുടെയും മരണത്തിന്റെയും തടവില്‍ ശ്വാസംമുട്ടി മരിക്കും.
ഈ ഉപമ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതി, അസമത്വം, ഭൂമിയിലെ വിഭവങ്ങളുടെ വിതരണത്തിലെ അസമത്വം, ദുര്‍ബലര്‍ക്കു നേരേയുള്ള ചൂഷണം, ദരിദ്രരുടെ നിലവിളികളോടുള്ള നിസംഗത, പാര്‍ശ്വവല്‍ക്കരണം എന്നിവയെ ചൂണ്ടിക്കാട്ടുന്നു.
ദിവ്യകാരുണ്യം ഒരു പുതിയ ലോകത്തിന്റെ പ്രവചനമാണെന്ന് തിരിച്ചറിയണമെന്ന് വിശ്വാസികളോട് പാപ്പ ആഹ്വാനം ചെയ്തു. ഫലപ്രദമായ ഒരു പരിവര്‍ത്തനത്തിനായി നമ്മെത്തന്നെ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്ന യേശുവിന്റെ സാന്നിധ്യമാണ് വിശുദ്ധ കുര്‍ബാന. ഉദാസീനതയില്‍ നിന്ന് അനുകമ്പയിലേക്കും പങ്കിടലിലേക്കും സ്വാര്‍ത്ഥതയില്‍ നിന്ന് സ്‌നേഹത്തിലേക്കും വ്യക്തിത്വത്തില്‍ നിന്ന് സാഹോദര്യത്തിലേക്കും നയിക്കപ്പെടാന്‍ ദിവ്യകാരുണ്യത്തിലൂടെ സാധിക്കുന്നു.
'നമുക്ക് അപ്പത്തിന്റെ രുചിയിലേക്കു മടങ്ങാം - ദിവ്യകാരുണ്യ സഭയ്ക്കും സിനഡാത്മക സഭയ്ക്കും വേണ്ടി' എന്നതായിരുന്നു ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ഈ പ്രമേയം ജീവിതത്തിലും ഉള്‍ക്കൊള്ളാന്‍ പാപ്പ ക്ഷണിക്കുന്നു. സ്‌നേഹത്തിനും പ്രത്യാശയ്ക്കും വേണ്ടി നാം വിശക്കുമ്പോള്‍, അല്ലെങ്കില്‍ ജീവിതത്തിലെ പരീക്ഷണങ്ങളാലും കഷ്ടപ്പാടുകളാലും നാം തകര്‍ന്നിരിക്കുമ്പോള്‍, യേശു നമ്മെ പോറ്റുന്ന ഭക്ഷണമായി മാറുന്നു. നമ്മെ സുഖപ്പെടുത്തുന്നു.
കഷ്ടപ്പെടുന്നവരുടെ മുറിവുകള്‍ക്ക് മുന്നില്‍ അനുകമ്പയോടെ മുട്ടുകുത്താനും പാവപ്പെട്ടവരെ ഉയര്‍ത്താനും ദുഖിതരുടെ കണ്ണീര്‍ തുടയ്ക്കാനും എല്ലാവര്‍ക്കും പ്രത്യാശയുടെയും സന്തോഷത്തിന്റെയും അപ്പമാകാനും ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായ ഈശോ നമ്മെ പ്രാപ്തമാക്കുന്നു. സാഹോദര്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും അപ്പോസ്തലന്മാരായി നമ്മെ അയയ്ക്കുന്നു.
നമുക്ക് അരികും ചുറ്റിലുമായി നടക്കുന്ന അനേകം 'ലാസറുകളോട്' അനുകമ്പയില്ലാതെ യഥാര്‍ത്ഥ ദിവ്യകാരുണ്യ ആരാധനയില്ലെന്ന് മാര്‍പാപ്പ ഓര്‍മപ്പെടുത്തി.
യേശുവിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുകയും ആര്‍ദ്രതയുടെയും കരുണയുടെയും നീതിയുടെയും അപ്പമായി മാറുകയും ചെയ്യുന്ന ദിദ്യകാരുണ്യമായി മാറാന്‍ നമുക്ക് അപ്പത്തിന്റെ രുചിയിലേക്ക് മടങ്ങാം. ജീവിതത്തില്‍ പ്രതീക്ഷ മങ്ങുകയും ഹൃദയത്തില്‍ ഏകാന്തത, ആന്തരിക ക്ഷീണം, പാപത്തിന്റെ പീഡ, എന്നിവ അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ അപ്പത്തിന്റെ രുചിയിലേക്കു നമുക്കു ചെല്ലാം.
നമുക്ക് യേശുവിലേക്കു മടങ്ങാം, അവിടുത്തെ സ്വാഗതം ചെയ്യുകയും ആരാധിക്കുകയും ചെയ്യാം. എന്തെന്നാല്‍, അവിടുന്ന് മരണത്തെ ജയിക്കുകയും നമ്മുടെ ജീവിതത്തെ എപ്പോഴും നവീകരിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ നടന്ന, നാഷണല്‍ യൂക്കറിസ്റ്റിക് കോണ്‍ഗ്രസിന്റെ സമാപന കുര്‍ബാനയില്‍ ക്രിസ്തുവിന്റെ ശരീരമായി മുറിക്കപ്പെട്ട അപ്പം നിര്‍മിച്ചത് മിലനിലും മൊഡെനയിലുമുള്ള ജയിലുകളിലെ തടവുകാരാണ്. പ്രതീക്ഷയുടെ അപ്പം' എന്ന പേരിട്ട ഈ സംരംഭത്തില്‍ തടവുകാരുടെ കൈകളാല്‍ മാവു കുഴക്കുകയും തയ്യാറാക്കുകയും ചെയ്ത 35,000 അപ്പമാണ് ദിവ്യബലിക്കായി ഉപയോഗിച്ചത്.
വിശദമായ വായനയ്ക്ക്:
തടവറകളില്‍നിന്നും പ്രതീക്ഷയുടെ അപ്പമായി ദിവ്യകാരുണ്യം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.