സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സര്‍വേ നവംബര്‍ ഒന്നു മുതല്‍; 1500 സര്‍വേയര്‍മാര്‍, 807 കോടി ചെലവ്

സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സര്‍വേ നവംബര്‍ ഒന്നു മുതല്‍; 1500 സര്‍വേയര്‍മാര്‍, 807 കോടി ചെലവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപഗ്രഹ സഹായത്തോടെയുള്ള ഡിജിറ്റല്‍ റീ സര്‍വേ നവംബര്‍ ഒന്നിന് ആരംഭിക്കും. എല്ലാ ജില്ലകളിലുമായി തിരഞ്ഞെടുത്ത 200 വില്ലേജുകളിലാവും ആദ്യം സര്‍വേ നടത്തുക. റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സര്‍വേ ഒഫ് ഇന്ത്യക്കാണ് മേല്‍നോട്ടം.


116 വില്ലേജുകളില്‍ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് ശൃംഖലയുടെ (ജി.എന്‍.എസ്.എസ് ) സഹായത്തോടെയുള്ള ആര്‍.ടി.കെ (റിയല്‍ ടൈം കൈനമാറ്റിക്) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ശേഷിക്കുന്ന 1550 എണ്ണത്തിലാണ് ഡിജിറ്റല്‍ സര്‍വേ നടത്തുന്നത്.

നാല് വര്‍ഷം കൊണ്ട് എല്ലാ വില്ലേജുകളിലേയും സര്‍വേ തീര്‍ക്കുകയാണ് ലക്ഷ്യം. നവംബര്‍ ഒന്നിന് മുമ്പായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. സര്‍വേയര്‍മാരെയും ഹെല്‍പ്പമാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് നിയമനത്തിനുള്ള അഭിമുഖം നടക്കുകയാണ്.

സര്‍വേ മാപ്പിങ് പൂര്‍ണമാകുന്നതോടെ വില്ലേജ്, രജിസ്ട്രേഷന്‍, ഭൂസര്‍വേ രേഖകള്‍ വിവരസാങ്കേതിക വിദ്യാ സഹായത്തോടെ സംയോജിപ്പിച്ച് ഭൂവിസ്തൃതിയുടെ ആധികാരിക രേഖ തയ്യാറാക്കും. പുഴകളും ജലാശയങ്ങളും ഉള്‍പ്പെടെ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതിലൂടെ ദുരന്തനിവാരണത്തിനും സര്‍വേ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.