കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് സംഘടനയെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. ഇത്തരം സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്ലീം സമുദായത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാളെടുക്കണമെന്നു പറയുന്നവര്‍ ഏത് ഇസ്ലാമിന്റെ ആളുകളാണ്. ഇത്തരക്കാരെ സമുദായക്കാര്‍ തന്നെ നേരിടേണ്ടതുണ്ടെന്നും മുനീര്‍ വ്യക്തമാക്കി.
സംഘടനയുടെ നിരോധനം കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ലെന്നും പുതിയ തലമുറയെ ഇത്തരം സംഘടനകള്‍ വഴിതെറ്റിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു. സമുദായത്തിന്റെ അട്ടിപ്പേറവകാശം പോപ്പുലര്‍ ഫ്രണ്ടിന് ആരാണ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. അവര്‍ ഇവിടെ നടത്തിയിട്ടുള്ള പ്രസംഗംങ്ങളെല്ലാം ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ള പ്രസംഗങ്ങളാണ്. വാളെടുക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഇവര്‍ ഏത് ഇസ്ലാമിന്റെ പ്രതിനിധികളാണ്. ഇവിടുത്തെ പണ്ഡിതന്മാര്‍ക്ക് ഇതേക്കുറിച്ച് ധാരണയില്ലാത്തവരാണോയെന്നും അദ്ദേഹം ആരാഞ്ഞു.
തീവ്രവാദത്തോട് എല്ലാ സംഘടനകളും എന്നും എതിര്‍പ്പായിരുന്നു. പെട്ടെന്നൊരു ദിവസം വന്നവര്‍ ഖുറാന്‍ വ്യാഖ്യാനം ചെയ്ത് ഇതാണ് ഇസ്ലാമിന്റെ പാതയെന്നു പറയുകയാണ്. ഏത് ഇസ്ലാമാണ് അങ്ങനൊരു മുദ്രാവാക്യം വിളിക്കാന്‍ കൊച്ചുകുട്ടികളോടു പറയുന്നത്. തീവ്രവാദം നശിക്കട്ടെയെന്നാണ് പ്രവാചകന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഇസ്ലാം എന്ന പദത്തിന്റെ അര്‍ഥം സമാധാനം എന്നാണെന്നും മുനീര്‍ ഓര്‍മ്മപ്പെടുത്തി.
ഒരു സമുദായത്തില്‍ നിന്ന് ഇതുപോലുള്ള പ്രവൃത്തികളുമായി വരുന്നവരെ പ്രതിരോധിക്കേണ്ടത് ആ സമുദായത്തിന്റെ ബാധ്യതയാണെന്നും മുനീര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഭീഷണികളെ എന്നും നേരിട്ടിട്ടുള്ളത് ഹിന്ദു സമൂഹം തന്നെയാണ്. അതാണ് ഇവിടുത്തെ മതസൗഹാര്‍ദ്ദം. തങ്ങളില്‍ നിന്നുവരുന്ന പോരായ്മകളെ പരിഹരിക്കേണ്ടത് തങ്ങള്‍ തന്നെയാണെന്നു തീരുമാനിച്ച് സമൂഹവും സമുദായങ്ങളും മുന്നോട്ടു വരണമെന്നും മുനീര്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിത സംഘടനയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ സംഘടനയിലും അനുബന്ധ സംഘടനകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. യുഎപിഎ വകുപ്പ് മൂന്ന് പ്രകാരമാണ് നിരോധനം.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് ഈ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. ഇനി സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമാകും. വ്യാപക റെയിഡിനും നേതാക്കളെ അടക്കം കസ്റ്റഡിയില്‍ എടുത്തതിന് ശേഷമാണ് ഇപ്പോള്‍ നിരോധനം പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. റെയിഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തി. എന്നാല്‍ എന്‍ഐഎ റെയ്ഡും നടപടികളും തുടര്‍ന്നു. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.