കാര്യവട്ടത്ത് കരകേറി: ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

കാര്യവട്ടത്ത് കരകേറി: ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ ജയം. ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.

ബൗളിംഗ് പിച്ചെന്ന് തോന്നിപ്പിക്കുന്നതായിരുന്നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ പകുതി. ഇന്ത്യന്‍ പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ദക്ഷണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ ഒന്നിന് പിറകെ ഒന്നായി പവലിയനിലേക്ക് മടങ്ങി. വെറും ഒന്‍പത് റണ്‍സെടുക്കുന്നതിനിടെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തി. ബുംറയ്ക്കും ഭുവനേശ്വറിനും അര്‍ഷ്ദീപ് സിങ്ങും ദീപക് ചാഹറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ പിച്ചിച്ചീന്തി. 41 റണ്‍സെടുത്ത കേശവ് മഹാരാജിന് മാത്രമേ അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളു.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. പെട്ടെന്നുതന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണറും നായകനുമായ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട രോഹിത് റണ്‍സെടുക്കാതെ ക്രീസ് വിട്ടു. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി താരം മടങ്ങി.

പിന്നാലെ വന്ന സൂപ്പര്‍താരം വിരാട് കോലിയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. വെറും മൂന്നുറണ്‍സ് മാത്രമെടുത്ത കോലിയെ ആന്റിച്ച് നോര്‍ക്യെ ക്വിന്റണ്‍ ഡികോക്കിന്റെ കൈയ്യിലെത്തിച്ചു. കോലി പുറത്താവുമ്പോള്‍ ഇന്ത്യ 17 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു. പിന്നീട് സൂര്യകുമാറും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഇരുവരും അര്‍ധസെഞ്ചുറി നേടി. ആദ്യം സൂര്യകുമാറാണ് അര്‍ധശതകം നേടിയത്. വെറും 33 പന്തുകളില്‍ നിന്ന്. രാഹുല്‍ 56 പന്തുകളില്‍ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 51 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടിന് 106. ഇന്ത്യ 16.4 ഓവറില്‍ രണ്ടിന് 110.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.