പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി; നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി നീട്ടി

പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി; നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി നീട്ടി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനം ലഭിച്ച പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി. നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസി ഹൈക്കോടതിയെ രേഖമൂലം അറിയിച്ചു. വാദം കേട്ട കോടതി പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടബോര്‍ 20 വരെ നീട്ടി.

നേരത്തെ യുജിസി ഇക്കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇത് രേഖമൂലം അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രിയാ വര്‍ഗീസിന് നിയമനത്തിന് വേണ്ട മതിയായ യോഗ്യതയില്ലെന്നുള്ള സത്യവാങ്മൂലം യുജിസിക്കുവേണ്ടി ഡല്‍ഹിയിലെ യുജിസി എഡ്യൂക്കേഷന്‍ ഓഫീസർ നല്‍കിയത്.

സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ അധ്യാപന പരിചയമായി കണക്കാക്കാന്‍ പാടുള്ളുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍വ്വകലാശാല ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ തസ്തിക അനധ്യാപക വിഭാഗമാണ്.

ഗവേഷണകാലവും,സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ കാലയളവും ഒഴിവായാല്‍,ഏട്ടു വര്‍ഷത്തെ അധ്യാപന പരിചയത്തിന് പകരം ഹര്‍ജിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിട്ടുള്ള മൂന്നര വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവര്‍ഗീസിനുള്ളത്. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പ്രിയവര്‍ഗീസിന് കോടതി സമയം അനുവദിച്ചു.

ഒന്നാംറാങ്ക് ലഭിച്ച പ്രിയാ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് കോടതിയെ സമീപിച്ചത്. പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള കുറഞ്ഞയോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപന പരിചയമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിന്റെ നിയമനം ചാന്‍സിലര്‍ കൂടിയര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.