രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ

രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ

ന്യൂഡൽഹി: ഒരാൾക്ക് ഒരു പദവി എന്ന പാര്‍ട്ടി നയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് മല്ലികാര്‍ജുൻ ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചതിനെ തുടർന്നാണ് രാജി.

നെഹ്റു കുടുംബത്തിൻ്റേയും ഹൈക്കമാൻഡിൻ്റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേയ്ക്ക് വിമത വിഭാഗമായി ജി23 യുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കൾ ഖാര്‍ഗ്ഗേയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജിവച്ച സാഹചര്യത്തിൽ പകരം പി.ചിദംബരം, ദിഗ്വിജയ് സിങ്, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവരിൽ ഒരാളെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിച്ചേക്കും.

അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശപത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന് നടക്കും. വൈകിട്ടോടെ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക നൽകിയത്.

ഖാർഗെ പതിനാലും തരൂർ അഞ്ചും പത്രികകളാണ് സമർപ്പിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന തരൂർ തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.