തിരുവനന്തപുരം: അന്തരിച്ച സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ വികാരനിര്‍ഭരനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ വിടപറഞ്ഞെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. സോദരതുല്യം എന്നല്ല, യഥാര്‍ഥ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധമാണ് തങ്ങളുടേതെന്നും പിണറായി അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വിയോഗം തീവ്രമായ വേദനയാണ് സൃഷ്ടിക്കുന്നത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍. അസുഖത്തിന്റെ യാതനകള്‍ തീവ്രമായിരുന്ന നാളുകളിലും പാര്‍ട്ടിയെക്കുറിച്ചുള്ള കരുതല്‍ എല്ലാത്തിനും മേലെ മനസില്‍ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാര്‍ട്ടിയെ സര്‍വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകള്‍ ആയിരുന്നു അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നതെന്ന് പിണറായി വിജയന്‍ തന്റെ അനുശോചനക്കുറിപ്പില്‍ പറയുന്നു.
തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ്- മന്ത്രി വി. ശിവന്‍കുട്ടി
തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവാണ് വിട വാങ്ങിയതെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പാര്‍ട്ടിയെ അത്രകണ്ട് സ്‌നേഹിച്ചിരുന്ന, പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച, പാര്‍ട്ടിയുടെ ഉന്നത പദവികളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നു സഖാവ്. മികച്ച സംഘാടകനും ജനപ്രതിനിധിയും മാത്രമല്ല മികച്ച ഭരണാധികാരിയുമായിരുന്നു സഖാവ്. രാഷ്ട്രീയ - ഭരണ രംഗത്തെ സഖാവിന്റെ പ്രവര്‍ത്തനം കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും മന്ത്രി വി ശിവന്‍കുട്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവ്- ഉമ്മന്‍ ചാണ്ടി
രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടി. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയര്‍ന്ന് സിപിഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും എംഎല്‍എ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്ത കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായി ദുഖിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഇടതുപക്ഷപ്രസ്ഥാനത്തിനാകെ വന്‍ നഷ്ടം- കാനം രാജേന്ദ്രന്‍
കേരളത്തിലെ വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനയാണ് കോടിയേരി ബാലകൃഷ്ണനെന്ന പോരാളിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗത്വം വരെയുള്ള ഉയര്‍ന്ന ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വന്‍ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. നാലുപതിറ്റാണ്ടിലേറെക്കാലം നീണ്ട വ്യക്തിപരമായ ബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഉള്ളത്. നിയമസഭാ പ്രവര്‍ത്തനത്തിനിടയില്‍ ബന്ധം കൂടുതല്‍ ദൃഢമാകുകയും സൗഹൃദം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്തു. കോടിയേരിയുടെ നിര്യാണത്തില്‍ കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഖത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വ്യക്തിപരമായും പങ്കുചേരുന്നുവെന്നും കാനം അനുശോചന സന്ദേശതതില്‍ പറഞ്ഞു.
മനുഷ്യസ്‌നേഹിയായ രാഷ്ട്രീയ നേതാവ്- ഗതാഗതമന്ത്രി ആന്റണി രാജു
നിലപാടുകളില്‍ കാര്‍ക്കശ്യവും ഇടപെടലുകളില്‍ സൗമ്യതയും പുലര്‍ത്തിയ മനുഷ്യസ്‌നേഹിയായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഇടപെടുന്ന എല്ലാവരോടും സ്‌നേഹത്തോടെയും സമഭാവനയോടെയും പെരുമാറുന്ന അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റി. മികച്ച ഭരണകര്‍ത്താവായും കരുത്തനായ ജനനേതാവായും കോടിയേരി ബാലകൃഷ്ണനെ കേരളം എന്നും സ്മരിക്കും. സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടുമൊപ്പം ദുഖത്തില്‍ പങ്കു ചേരുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു.
രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം- പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചു. പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി. നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സി.പി.എമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നു.
ജനകീയനായ സിപിഎം നേതാവ്- കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണ്‍. സിപിഎമ്മിലെ സൗമ്യമായ മുഖം. മികച്ച ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ വേര്‍പാട് സിപിഎമ്മിന് നികത്താന്‍ സാധിക്കാത്തതാണ്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
നഷ്ടമായത് സി.പി.എമ്മിന്റെ കരുത്തനായ ഒരു നേതാവിനെ- രമേശ് ചെന്നിത്തല
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും, സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. സി.പി എമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാന്‍ ഇടയായിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
മായാത്ത ചിരിയോടെ ആരോടും സൗഹൃദപൂര്‍വ്വം പെരുമാറുന്ന കോടിയേരിക്ക് മറ്റു പാര്‍ട്ടികളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. മന്ത്രി എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത് എന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.