ദുബായ്: ഇക്കഴിഞ്ഞ ജൂലൈയിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ തന്‍റെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷ വേളയില്‍ കാണാനെത്തിയവരോട് അദ്ദേഹത്തിന് പറയാന്‍ ഒരേ ഒരു സ്വപ്നമേ ഉണ്ടായിരുന്നുളളൂ. അറ്റ്ലസിന്‍റെ ഒരു ഷോറൂമെങ്കിലും തുറക്കണം. ആ സ്വപ്നം പൂർത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഞായാറാഴ്ച രാത്രി ദുബായില്‍ വച്ച് അറ്റ്ലസ് രാമചന്ദ്രന്‍റെ അന്ത്യം സംഭവിക്കുന്നത്. തിരികെ ബിസിനസിലേക്ക് വരാനുളള ഒരുക്കത്തിലായിരുന്നു അദ്ദേഹം. അതിനിടെയാണ് അപ്രതീക്ഷിതമായുളള മരണം. ജനകോടികളുടെ വിശ്വസ്തസ്ഥാപനമെന്ന പരസ്യവാചകത്തിലൂടെ പ്രസിദ്ധമായ അറ്റ്ലസ് ജ്വല്ലറിയുടെ അമരക്കാരനായിരുന്നു മത്തുക്കര മുത്തേടത്ത് രാമചന്ദ്രന്‍.
അറ്റ്ല്സ് ജ്വല്ലറിയുടെ ചരിത്രമാരംഭിക്കുന്നത് 1974 കളിലാണെങ്കില്‍, രാമചന്ദ്രന്‍ തന്‍റെ കരിയർ ജീവിതം ആരംഭിക്കുന്നത് ബാങ്കിംഗിലൂടെയാണ്. ദില്ലി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി കാനറാ ബാങ്കില്‍ തുടക്കം. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസറായും ജോലി ചെയ്തു.
1974 ലാണ് രാമചന്ദ്രന്‍ പ്രവാസമാരംഭിക്കുന്നത് കുവൈറ്റില്‍ കമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ജോലി. ഇക്കാലത്താണ് സ്വർണവിപണിയിലേക്ക് ശ്രദ്ധ തിരിയുന്നത്. കുവൈറ്റിലെ സൂഖ് അല്‍ വാത്യയിലായിരുന്നു ആദ്യ അറ്റ്ലസ് ഷോറൂം. ഗള്‍ഫ് യുദ്ധം വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ അറ്റ്ലസ് രാമചന്ദ്രന്‍റെ ബിസിനസും തകർന്നു. എന്നാല്‍ വീണ്ടും ഒന്നില്‍ നിന്നും തുടങ്ങാനുളള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടായിരുന്നു.
പിന്നീട് യുഎഇയിലേക്കെത്തിയ അദ്ദേഹത്തിന് സ്വർണവിപണി കാത്തുവച്ചത് തങ്കത്തിളക്കമുളള ജീവിതം. 19 ഷോറൂമുകളാണ് യുഎഇയില്‍ അറ്റ്ലസ് ജ്വല്ലറിക്കുണ്ടായിരുന്നത്. ജനകോടികളുടെ വിശ്വസ്തസ്ഥാപനമെന്ന പരസ്യവാചകമൊന്നുമതി അറ്റ്ലസ് രാമചന്ദ്രനെ അടയാളപ്പെടുത്താന്‍.
സിനിമയിലും ഒരുകൈനോക്കിയ അറ്റ്ലസ് രാമചന്ദ്രന്‍റെ സിനിമാനിർമ്മാണത്തില്‍ മലയാളിക്ക് ലഭിച്ചത് വൈശാലിയും സുകൃതവും വാസ്തുഹാരയും പോലുളള സിനിമകള്‍. കൗരവർ, വെങ്കലം, ഇന്നലെ തുടങ്ങിയ സിനിമകളിലൂടെ വിതരണ രംഗത്തുമെത്തി. അറബിക്കഥയില്‍ ഉള്‍പ്പടെ 14 സിനിമകളില്‍ മുഖം കാണിച്ചു.
പക്ഷെ, സിനിമാക്കഥയെപ്പോലും വെല്ലുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

2015 ല്‍ സാമ്പത്തിക ക്രമക്കേട് കേസില്‍ ബിസിനസ് തകർന്നു. ദുബായില്‍ മൂന്ന് വർഷത്തെ ജയില്‍ വാസം.വിവിധ ബാങ്കുകളില്‍ നിന്നെടുത്ത 55 കോടിയിലേറെ ദിർഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെ ബാങ്കുകള്‍ കേസ് കൊടുത്തു. അറസ്റ്റിലായി. 3 വർഷത്തിനിപ്പുറം 2018 ജൂണിലാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്.
ജയിലില്‍ നിന്നിറങ്ങി യുഎഇയിലെ വസതിയില്‍ താമസിക്കുമ്പോഴും കണ്‍മുന്നില്‍ തകർന്നുപോയ ബിസിനസ് സാമ്രാജ്യം തിരികെപ്പിടിക്കാമെന്ന ആത്മവിശ്വാസം അദ്ദേഹത്തിലുണ്ടായിരുന്നു. അക്ഷര ശ്ലോക സദസ്സുകളിലും സൗഹൃദങ്ങളിലുമൊക്കെ സന്തോഷം കണ്ടെത്തുമ്പോഴും തിരിച്ചുവരണമെന്ന കനല്‍ കെടാതെ ബാക്കിയുണ്ടായിരുന്നു അദ്ദേഹത്തില്‍.

കേസിന്‍റെ നടപടികള്‍ പൂർണമാകാത്തതിനാല്‍ നാട്ടിലേക്ക് പോകാനും കഴിഞ്ഞിരുന്നില്ല. തൃശൂരിലേക്ക് തിരികെയെത്തണമെന്ന ആഗ്രഹവും ബിസിനസ് പുനരാരംഭിക്കണമെന്ന സ്വപ്നവും പൂർത്തിയാക്കാനാകാതെ, പാതിവഴിയില്‍ അറ്റ്ലസ് രാമചന്ദ്രന്‍ മടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.