മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രി സഭയിലേക്ക്; സത്യപ്രതിജ്ഞ വെള്ളിയാഴ്ച

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രി സഭയിലേക്ക്; സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രി സഭയിലേക്ക്. ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി എ. രേവന്ത് റെഡ്ഡി നയിക്കുന്ന സംസ്ഥാന മന്ത്രിസഭയില്‍ അസ്ഹറുദ്ദീന്‍ ചുമതലയേല്‍ക്കും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ഉണ്ടായേക്കും.

തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ എംഎല്‍സി അംഗമായി പാര്‍ട്ടി എംഡി അസ്ഹറുദ്ദീനെ നാമ നിര്‍ദേശം ചെയ്തിട്ടുണ്ട്. ഗവര്‍ണറുടെ ക്വാട്ട പ്രകാരമാണ് അസ്ഹറുദ്ദീന്‍, പ്രൊഫസര്‍ എം. കോദണ്ഡറാം എന്നിവരെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഓഗസ്റ്റ് 30 ന് നല്‍കിയ ശുപാര്‍ശക്ക് ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. നവംബര്‍ 11 ന് ജൂബിലി ഹില്‍സ് സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ എത്തിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് സീറ്റില്‍ അസ്ഹറുദ്ദീന്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അന്ന് അദേഹം പരാജയപ്പെട്ടിരുന്നു. നവംബര്‍ 11 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നവീന്‍ യാദവ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മണ്ഡലത്തിലെ 33 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഉള്‍പ്പെടെ ദേശീയ തലത്തില്‍ തീരുമാനം പാര്‍ട്ടിക്ക് പോസിറ്റീവ് ഇമേജ് സൃഷ്ടിക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ടിപിസിസി പ്രസിഡന്റ് ബി. മഹേഷ് കുമാര്‍ ഗൗഡ്, ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.