ചരിത്രത്തിലെ നീണ്ട മൂന്ന് കാലഘട്ടങ്ങൾ ദക്ഷിണേന്ത്യ ഭരിച്ച ചോളന്മാർ പൊന്നിയിൻ സൽവത്തിലൂടെ തിയറ്ററുകൾ അടക്കി ഭരിക്കുന്നു

ചരിത്രത്തിലെ നീണ്ട മൂന്ന് കാലഘട്ടങ്ങൾ ദക്ഷിണേന്ത്യ ഭരിച്ച ചോളന്മാർ പൊന്നിയിൻ സൽവത്തിലൂടെ തിയറ്ററുകൾ അടക്കി ഭരിക്കുന്നു

തമിഴ് ഭാഷകളിൽ എഴുതപ്പെട്ടതിൽ വെച്ച് ഏറ്റവും മികച്ച നോവലുകളിൽ ഒന്നായ പൊന്നിയിന്‍ സെല്‍വൻ, തമിഴ്നാട്ടിലെ ഹിറ്റ് മേക്കർ സംവിധായകരിൽ ഒരാളായ മണി രത്നം ഈ രണ്ട് മെഗാ ഹിറ്റുകൾ ഒന്നിച്ചപ്പോൾ പിറന്നത് പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ്.

പ്രേക്ഷകർ കാത്തിരുന്നചിത്രം ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. പൊന്നിയിൻ സെൽവൻ ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ചിത്രം വളരെ വലിയൊരു ചരിത്രമാണ് കൈകാര്യം ചെയ്യുന്നത്.തമിഴ്നാടിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട കാലഘട്ടങ്ങളിൽ ഒന്നായ ചോള രാജവംശത്തിന്റെ കഥയാണ് കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലായ പൊന്നിയിന്‍ സെല്‍വൻ (പിഎസ്) വിവരിക്കുന്നത്. പത്താം നൂറ്റാണ്ട് പശ്ചാത്തലമാക്കി ചോള സാമ്രാജ്യത്തിലെ അധികാര വടംവലികളുടെ കഥ പറഞ്ഞ നോവലിലെ കേന്ദ്ര കഥാപാത്രം ചോള ചക്രവര്‍ത്തി അരുള്‍മൊഴി വര്‍മ്മന്‍ ആണ്.

1950 കളുടെ തുടക്കത്തിൽ പരമ്പരയായി ഒരു മാസികയിൽ പ്രസിദ്ധീകരിച്ച നോവൽ തമിഴ് വായനക്കാരുടെ ഏറെ പ്രിയപ്പെട്ട നോവലായി മാറി. തമിഴ്നാടിന്റെ അങ്ങോളം ഇങ്ങോളം ഉള്ള ആളുകൾ കാത്തിരുന്ന് നോവൽ വായിക്കാൻ തുടങ്ങി.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ വംശങ്ങളിൽ ഒന്നായ ചോള രാജവംശം തമിഴ്നാട്ടിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ നോവൽ കാരണമായി. എന്നാൽ തമിഴ്നാട്ടിന് പുറത്തേക്ക് ഈ രാജവംശം എത്രമാത്രം അറിയപ്പെട്ടു എന്നത് ഒരു വലിയ ചോദ്യമാണ്.

ഉത്തരേന്ത്യ ഭരിച്ചിരുന്ന മുഗൾ ചക്രവർത്തിമാരുടെ പേരുകൾ ചോദിച്ചാൽ ഇങ്ങ് ദക്ഷിണേന്ത്യയുടെ അറ്റത്തുള്ള കേരളത്തിലെ കുട്ടികൾ പോലും ഷാജഹാന്റെയും ഔരംഗസേബിന്റെയും പേരുകൾ പറയുമ്പോൾ ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ചോളന്മാരെക്കുറിച്ചോ ചേര രാജാക്കന്മാരെ കുറിച്ചോ നമുക്ക് വലിയ അറിവില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ പ്രാധാന്യം.

തമിഴ് ബിഗ് സ്ക്രീനില്‍ വിസ്മയങ്ങള്‍ പലത് സൃഷ്ടിച്ചിട്ടുള്ള മണി രത്നം തന്‍റെ ഡ്രീം പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ച ചിത്രം എന്നതായിരുന്നു ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളില്‍ പൊന്നിയിന്‍ സെല്‍വന്‍ ഇത്രയധികം താല്‍പര്യം ഇടയാക്കാന്‍ കാരണമായ ഒരു അടിസ്ഥാന വസ്തുത. രണ്ടാമത് ചിത്രത്തിലെ നീണ്ട താരനിരയും. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, തൃഷ തുടങ്ങിയ താരനിരയെ ഒരുമിച്ച് ഒരു സ്ക്രീനില്‍ കാണുന്നതിലെ പുതുമയും ചിത്രത്തിന്‍റെ ആകാംക്ഷ ഉയർത്താൻ സഹായിച്ചു.

കമല്‍ ഹാസന്‍റെ വോയ്സ് ഓവറില്‍ കഥാപശ്ചാത്തലം ചുരുക്കി വിവരിച്ചതിനു ശേഷം യുദ്ധമുഖത്തെ ആദിത്ത കരികാലനിലൂടെ (വിക്രം) കഥയിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് മണി രത്നം. പിതാവ് സുന്ദര ചോളനില്‍ നിന്നും അദ്ദേഹത്തിന്‍റെ മരണശേഷം ലഭിച്ച ചോള സാമ്രാജ്യത്തിന്‍റെ കിരീടാവകാശം ആദിത്ത കരികാലന്‍ കൈയാളുന്ന കാലമാണ് പിഎസ് ലെ ടൈംലൈന്‍. നിര്‍ഭയനും യുദ്ധങ്ങളില്‍ അതീവ തല്‍പരനുമായ കരികാലന്‍റെ കാലം പിടിച്ചടക്കലുകളുടേത് കൂടിയാണ്.

എതിര്‍പാളയങ്ങളില്‍ നിന്ന് തങ്ങള്‍ക്കു നേര്‍ക്ക് സംഭവിക്കുന്നെന്ന് കരുതുന്ന ചില ഗൂഢാലോചനകളെക്കുറിച്ച് അറിഞ്ഞുവരാന്‍ കരികാലനാല്‍ നിയോഗിക്കപ്പെടുന്ന ഉറ്റ സുഹൃത്തും ചാരനുമായ വന്തിയത്തേവനൊപ്പം (കാര്‍ത്തി) വ്യത്യസ്ത ഭൂമികകളിലൂടെ സഞ്ചരിക്കുകയാണ് സിനിമ. ബിഗ് സ്ക്രീനിലെ എപിക് നരേഷനുകള്‍ പ്രേക്ഷകരെ സ്വാധീനിക്കണമെങ്കില്‍ അതില്‍ യുദ്ധരംഗങ്ങളുടെ മിഴിവ് മാത്രം പോരാതെവരും. മറിച്ച് കഥാപാത്രങ്ങളുടെ വൈകാരികലോകത്തോട് പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നണം. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ മിഴിവാർന്ന കഥപാത്രസൃഷ്ടികളാണ് ഇവിടെ മണി രത്നത്തിന്‍റെ കൈമുതല്‍. ഉദാഹരണത്തിന് ആദിത്ത കരികാലന്‍റെ യുദ്ധത്തോടുള്ള അടങ്ങാത്ത ത്വര. കീഴടക്കുന്ന പ്രദേശങ്ങളില്‍ ചോളന്മാരുടെ കൊടി പാറിച്ച് വെട്രിവേല്‍ എന്ന് വിജയഭേരി മുഴക്കുന്ന കരികാലന്‍ യഥാര്‍ഥത്തില്‍ ഉള്ളില്‍ മുറിവേറ്റ, അതിന്‍റെ വേദനയില്‍ നിന്ന് രക്ഷപെടാനാവാത്ത മനുഷ്യനാണ്. അഥവാ അതില്‍ നിന്നുള്ള അയാളുടെ ഒരേയൊരു രക്ഷാമാര്‍ഗ്ഗമാണ് പോര്‍ക്കളങ്ങള്‍.

നന്ദിനിയുമായുള്ള (ഐശ്വര്യ റായ്) സാക്ഷാത്കരിക്കാനാവാതെപോയ തന്‍റെ പ്രണയത്തില്‍ നിന്നാണ് അയാളുടെ എല്ലാ അസന്തുഷ്ടികളുടെയും ആരംഭം. ഒരു സാമ്രാജ്യത്തോടു തന്നെയുള്ള നന്ദിനിയുടെ പക ആരംഭിക്കുന്നതും അവിടെനിന്നുതന്നെ. ഇത്തരത്തില്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആഴമേറിയ കൊടുക്കല്‍വാങ്ങലുകള്‍ നിറഞ്ഞതാണ് കല്‍കി കൃഷ്മൂര്‍ത്തി സൃഷ്ടിച്ചിട്ടുള്ള പ്ലോട്ട്. അതിനെ ശക്തിചോരാതെ സ്ക്രീനിലേക്ക് പരിഭാഷപ്പെടുത്താനായി എന്നതാണ് മണി രത്നത്തിന്‍റെ വിജയം. അതിന് അദ്ദേഹത്തെ സഹായിച്ചിരിക്കുന്നത് കാസ്റ്റിംഗിലെ മികവും ഈ പ്രോജക്റ്റിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള, അഭിനേതാക്കളുടെ മികവുറ്റ പ്രകടനങ്ങളുമാണ്.

ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര ഏടുകളിൽ ഒന്നായ ചോളരാജാക്കന്മാരുടെ കഥ പറയുന്ന ചിത്രം എക്കാലത്തും അതിന്റെ പ്രാധാന്യം അർഹിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.