കാക്കിക്കുള്ളിലും ചാരന്മാർ: കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്‌

കാക്കിക്കുള്ളിലും ചാരന്മാർ: കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്‌

തിരുവനന്തപുരം: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിനു രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്ന ചരന്മാർ സംസ്ഥാന പോലീസ് സേനയിൽ ഉണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി എൻഐഎ. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ എസ്എച്ച്ഒ റാങ്കു വരെയുള്ള സേനയിലെ 873 ഉദ്യോഗസ്ഥർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇത്‌ സംബന്ധിച്ച റിപ്പോർട്ട്‌ സംസ്ഥാന പോലീസ് മേധാവിക്കു എൻഐഎ കൈമാറി.

സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരാണ് ഇവർ. ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരും ഇവരിലുണ്ട്. പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്. ആരോപിതരായ ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചുവരികയാണ്.  

തൊടുപുഴ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാർ പൊലീസ് സ്റ്റേഷനിലും സമാന സംഭവത്തെത്തുടർന്ന് എഎസ്ഐ അടക്കം മൂന്ന് പേരെ സ്ഥലം മാറ്റിയിരുന്നു. 

പോലീസ് സേനയിലെ പോപ്പുലർ ഫ്രണ്ട് ബന്ധം നേരത്തെയും ആരോപിക്കപ്പെട്ടിരുന്നെങ്കിലും ഇത്രയും അധികം ആളുകളുടെ എണ്ണം പുറത്തു വരുന്നത് ആദ്യമായാണ്. സംസ്ഥാന പോലീസ് സേനയെ പോലും അറിയിക്കാതെ കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിലെത്തി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത് ഇത്തരം സാഹചര്യങ്ങൾ മുന്നിൽ കണ്ടു കൊണ്ട് കൂടി ആകാമെന്നാണ് വിലയിരുത്തൽ. 

അതേസമയം പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ ഉണ്ടായ അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായും വിവരമുണ്ട്. ഹര്‍ത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത്. പോപ്പുല‍ര്‍ ഫ്രണ്ടിൻ്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരണ ലഭിക്കുന്നതിനു വേണ്ടികൂടിയാണെന്നാണ് സൂചന. 

അതിനിടെ പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൾ സത്താറിലെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്തുനിനിന്ന് ഇയാളെ അറസ്റ്റുചെയ്തത്. 

പോപ്പുലർ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ഭീകര സംഘടനകളിലേക്കുളള റിക്രൂട്ട്മെൻ്റ്, ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയെക്കുറിച്ചും എൻഐഎ പരിശോധിക്കുന്നുണ്ട്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.