എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജര്‍ മരിച്ച നിലയില്‍

എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ കാലിഫോര്‍ണിയയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജര്‍ മരിച്ച നിലയില്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയുള്ള നാല് ഇന്ത്യന്‍ വംശജരെ മരിച്ചനിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ മെഴ്സ്ഡ് കൗണ്ടിയിലെ ഒരു തോട്ടത്തിലാണ് ഒരു കുടുംബത്തിലെ  അംഗങ്ങളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജസ്ദീപ് സിങ്ങും (36) ജസ്‌ലിന്‍ കൗറും (27) ഇവരുടെ മകള്‍ എട്ട് മാസം പ്രായമുള്ള ആരൂഹി ദേരിയും കുട്ടിയുടെ അമ്മാവനായ 39 വയസുകാരനായ അമന്‍ദീപ് സിങ്ങുമാണ് മരിച്ചത്. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത്.

സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്സ്ഡ് കൗണ്ടി ഷെരീഫ് വേര്‍ണ്‍ വാങ്കെ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇവരെ കാണാതായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.

ഇവരെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജസ്ദീപും അമന്‍ദീപും ഒരു സ്ഥാപനത്തില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ട്രക്കിലെത്തിയ അജ്ഞാതസംഘം നാലംഗ കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ടു പോകുന്നതാണ് വിഡിയോയിലുള്ളത്. പൊലീസ് തന്നെയാണ് വിഡിയോ പുറത്ത് വിട്ടത്. അതേസമയം, തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ഇതുവരെയും ബന്ധപ്പെട്ടിരുന്നില്ലെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.


സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് സംശയിക്കുന്ന 48കാരനായ ജീസസ് മാനുവല്‍ സാല്‍ഗാഡോയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയില്‍വെച്ച് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

കുടുംബാംഗങ്ങളില്‍ ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം തിങ്കളാഴ്ച വൈകിയാണ് തീപിടിച്ച നിലയില്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാര്‍ഡുകളിലൊന്ന് മെഴ്സ്ഡ് കൗണ്ടിയിലെ എടിഎമ്മില്‍ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടന്നത്. സംഭവം കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.