മതം മാറിയവരുടെ പട്ടിക ജാതി പദവി പരിശോധിക്കാന്‍ കേന്ദ്ര സമിതി; ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷന്‍

മതം മാറിയവരുടെ പട്ടിക ജാതി പദവി പരിശോധിക്കാന്‍ കേന്ദ്ര സമിതി; ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ പട്ടിക ജാതി പദവി സംബന്ധിച്ച് പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ഡോ. ആര്‍കെ ജയിന്‍, പ്രൊഫ. സുഷ്മ യാദവ് എന്നിവര്‍ അംഗങ്ങളാണ്.

ഹിന്ദു, സിഖ്, ബുദ്ധ മതങ്ങള്‍ അല്ലാതെ മറ്റു മതങ്ങളില്‍ പെട്ടവര്‍ക്കൊന്നും പട്ടിക ജാതി പദവിക്ക് അര്‍ഹതയില്ലെന്നാണ് 1950 ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവില്‍ പറയുന്നത്. ഇതു കാലാകാലങ്ങളില്‍ ഭേദഗതി ചെയ്തിട്ടുണ്ട്. ചരിത്രപരമായി പട്ടിക ജാതിക്കാര്‍ ആയിരിക്കുകയും ഈ ഉത്തരവില്‍ പറയാത്ത മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തവരുടെ പട്ടികജാതി പദവി സംബന്ധിച്ചാണ് സമിതി പരിശോധന നടത്തുക.

മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതുകള്‍ പട്ടിക ജാതി പദവി ആവശ്യപ്പെടുന്നുണ്ട്. ബിജെപി ഇതിന് എതിരാണ്. പുതിയ വിഭാഗങ്ങള്‍ക്കും പട്ടിക ജാതി പദവി നല്‍കുകയാണെങ്കില്‍ അതുണ്ടാക്കുന്ന അനന്തര ഫലങ്ങളും സമിതി പരിശോധനാ വിധേയമാക്കും.

മതം മാറിയ ശേഷം ആചാരം, പാരമ്പര്യം, സാമൂഹ്യ വിവേചനം, ദാരിദ്ര്യാവസ്ഥ എന്നിവയില്‍ ഉണ്ടായ മാറ്റം സമിതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും സമിതിക്കു പരിശോധിക്കാമെന്ന് സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.