വിദ്യാര്‍ഥികളുടെ യാത്രായിളവിന് നിയന്ത്രണവുമായി കെ.എസ്.ആര്‍.ടി.സി; ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍

വിദ്യാര്‍ഥികളുടെ യാത്രായിളവിന് നിയന്ത്രണവുമായി കെ.എസ്.ആര്‍.ടി.സി; ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: വരുമാനം കുറയുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികളുടെ സൗജന്യ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി. ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍ എന്ന കണക്കിലേ ഇളവനുവദിക്കുകയുള്ളൂ എന്ന് കോര്‍പറേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. 

നിലവിലെ സാമ്പത്തികസ്ഥിതിയില്‍ ഇതില്‍ക്കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോര്‍പ്പറേഷന്‍. ആദ്യഘട്ടമെന്നനിലയില്‍ അഞ്ചല്‍കൊട്ടിയം റൂട്ടില്‍ യാത്രാസൗജന്യം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറങ്ങി.

ഓരോ റൂട്ടിലുമുള്ള ബസുകള്‍ കണക്കിലെടുത്താകും യാത്ര ഇളവിനുള്ള കാര്‍ഡുകള്‍ അനുവദിക്കുക. ആദ്യം അപേക്ഷിക്കുന്നവര്‍ക്കാകും മുന്‍ഗണന. കാര്‍ഡ് വിതരണത്തില്‍ മാത്രമാണ് നിയന്ത്രണമുള്ളത്. ബസില്‍ 25ലധികം വിദ്യാര്‍ഥികളെ കയറാനനുവദിക്കും. 

നിയന്ത്രണം നടപ്പാകുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുറവുള്ള റൂട്ടുകളില്‍ അര്‍ഹരായ വിദ്യാര്‍ഥികളില്‍ കുറേപേര്‍ക്ക് യാത്രാസൗജന്യം കിട്ടാതെ വരും. സ്വകാര്യബസുകള്‍ കൂടിയുള്ളതിനാല്‍ ഇവര്‍ക്ക് യാത്രാസൗകര്യം കുറയില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നത്. 

ചില ട്രിപ്പുകളില്‍ വരുമാനം പൂര്‍ണമായും ഇല്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇളവ് പകുതിയാക്കാന്‍ തീരുമാനിച്ചത്. ആര്‍.ടി.സി. നിയമപ്രകാരം യാത്രാസൗജന്യങ്ങള്‍ നിയന്ത്രിക്കാനുള്ള അധികാരം മാനേജ്‌മെന്റിനുമുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. അവകാശപ്പെടുന്നു.

നിലവില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് സൗജന്യം അനുവദിച്ചിട്ടുള്ളത്. നിര്‍ധനകുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുമാത്രമായി സൗജന്യം നിയന്ത്രിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. 

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്താണ് പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യയാത്ര അനുവദിച്ചത്. കാര്‍ഡിനുള്ള തുകമാത്രമാണ് വാങ്ങുന്നത്. ഇതുവരെ അഞ്ചരലക്ഷം കണ്‍സെഷന്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.