അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് എം.ബി.എ അനുവദിച്ചു: കേരള വാഴ്സിറ്റിയ്ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി

അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് എം.ബി.എ അനുവദിച്ചു: കേരള വാഴ്സിറ്റിയ്ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ നിയമ വിരുദ്ധമായി രണ്ട് സ്വാശ്രയ സ്ഥാപനങ്ങള്‍ എം.ബി.എ കോഴ്‌സ് നടത്തുന്നതായി ഗവര്‍ണക്ക് പരാതി. സര്‍വകലാശാലയുടെയും എ.ഐ.സി.ടി.ഇ യുടെയും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രണ്ടു സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച എം.ബി.എ കോഴ്‌സ് നിര്‍ത്തലാക്കാനാണ് നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും എ.ഐ.സി.ടി.ഇ ചെയര്‍മാനും നിവേദനം നല്‍കിയെന്ന് സേവ് യൂനിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും അറിയിച്ചു.

കേരള യൂനിവേഴ്‌സിറ്റിയുടെ കാമ്പസില്‍ മാത്രം നേരിട്ട് നടത്തുന്ന എം.ബി.എ പ്രോഗ്രാം ആദ്യമായാണ് സര്‍വകലാശാലയ്ക്ക് പുറത്തുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചത്. സര്‍വകലാശാല പഠന വകുപ്പില്‍ നടത്തുന്ന സി.എസ്.എസ് (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സ്‌കീം) കോഴ്‌സുകള്‍ സര്‍വകലാശാലയ്ക്ക് പുറത്തുള്ള കോളജുകള്‍ക്ക് അനുവദിക്കാന്‍ വ്യവസ്ഥയില്ല. ഇത് സി.എസ്.എസ് കോഴ്‌സിന്റെ അക്കാദമിക് ഗുണ നിലവാരം തകര്‍ക്കുമെന്നും ആക്ഷേപമുണ്ട്.

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എല്‍.എല്‍. മാനേജ്‌മെന്റ് അക്കാദമി, തിരുവനന്തപുരം മണ്‍വിള കാര്‍ഷിക സഹകരണ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ക്കാണ് കോഴ്‌സ് അനുവദിച്ചത്. 30 പേര്‍ക്ക് വീതമാണ് പ്രവേശനം നല്‍കുന്നത്. വിദ്യാര്‍ഥി പ്രവേശനം, ഫീസ്, അധ്യാപക നിയമനം, അധ്യയനം, മൂല്യനിര്‍ണയം തുടങ്ങിയവയെല്ലാം സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സര്‍വകലാശാല ഫീസിന്റെ ഇരട്ടി ഫീസാണ് ഓരോ സെമെസ്റ്ററിനും ഈടാക്കുന്നത്. വിദ്യാര്‍ഥി പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്ഥാപനങ്ങള്‍ നേരിട്ട് സ്വീകരിച്ചുതുടങ്ങി.

ലാറ്റക്‌സ് തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും പരിശീലനം നല്‍കുക എന്ന ഉദ്ദേശ്യലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായാണ് സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ച് കോഴ്‌സുകള്‍ അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റികള്‍ക്കും ട്രസ്റ്റുകള്‍ക്കും മാത്രമേ യൂനിവേഴ്‌സിറ്റി അഫിലിയേഷനും കോഴ്‌സുകളും അനുവദിക്കാന്‍ പാടുള്ളു എന്ന വ്യവസ്ഥ ലംഘിച്ചാണ് കോഴ്‌സ് നല്‍കിയത്.

അഫിലിയേറ്റഡ് കോളജുകള്‍ക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള നിയമാനുസൃതമായ സ്ഥലവും മറ്റ് സൗകര്യങ്ങളും ഈ സ്ഥാപനങ്ങളില്‍ ഇല്ല. എം.ബി.എ കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങള്‍ എ.ഐ.സി.ടി.ഇ യുടെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. എ.ഐ.സി.ടി.ഇ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിച്ചിറങ്ങുന്നവരുടെ ബിരുദങ്ങള്‍ക്ക് അംഗീകാരമുണ്ടാവില്ല. എന്നാല്‍, സര്‍വകലാശാലകള്‍ക്ക് എം.ബി.എ കോഴ്‌സ് നടത്തുന്നതിന് എ.ഐ.സി.ടി.ഇ അംഗീകാരം നിര്‍ബന്ധമല്ല. ഈ ഇളവ് ദുരുപയോഗം ചെയ്താണ് രണ്ട് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നതെന്നും കമ്മിറ്റി വെളിപ്പെടുത്തുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.