പോപ്പുലര്‍ ഫ്രണ്ടിന് ധനസഹായം നല്‍കിയത് ഹാഗിയ സോഫിയ മോസ്‌കായി പ്രഖ്യാപിച്ച കടുത്ത ഇസ്ലാമിസ്റ്റ് എര്‍ദോഗന്‍; ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തല്‍

പോപ്പുലര്‍ ഫ്രണ്ടിന് ധനസഹായം നല്‍കിയത് ഹാഗിയ സോഫിയ മോസ്‌കായി പ്രഖ്യാപിച്ച കടുത്ത ഇസ്ലാമിസ്റ്റ് എര്‍ദോഗന്‍; ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തല്‍

സൗദി അറേബ്യയെ വെട്ടി തുര്‍ക്കിയെ പുതിയ 'ഖിലാഫത്താക്കി' മുസ്ലീം രാജ്യങ്ങളുടെ നേതൃത്വം ഏറ്റെടുക്കുക എന്നതാണ് എര്‍ദോഗന്റെ ലക്ഷ്യം. 'അങ്കാറ പ്ലാന്‍' എന്നാണ് പദ്ധതിയുടെ രഹസ്യ നാമം. നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍.

കൊച്ചി: തുര്‍ക്കിയിലെ പൗരാണിക ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യന്‍ പള്ളിയെ മോസ്‌കായി പ്രഖ്യാപിച്ച തുര്‍ക്കി പ്രസിഡന്റും കടുത്ത ഇസ്ലാമിസ്റ്റുമായ തയ്യിബ് എര്‍ദോഗനാണ് പോപ്പുലര്‍ ഫ്രണ്ടിന് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ധനസഹായം നല്‍കിക്കൊണ്ടിരുന്നതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

തുര്‍ക്കിയില്‍ നിന്നുള്ള ധനസഹായം ഖത്തര്‍ തലസ്ഥാനമായ ദോഹ വഴിയാണ് എത്തിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തുര്‍ക്കിയെയിലെത്തി ഐ.എച്ച്.എച്ച് എന്ന സംഘടനയുടെ ആതിഥ്യം സ്വീകരിച്ചതായി പറയുന്ന റിപ്പോര്‍ട്ടിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സൗദി അറേബ്യയുടെ പ്രാധാന്യം ഇല്ലാതാക്കുകയും തുര്‍ക്കിയെ പുതിയ 'ഖിലാഫത്താക്കി' മുസ്ലീം രാജ്യങ്ങളുടെ നേതൃത്വം ഏറ്റെടുക്കുകയുമാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ തന്ത്രമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളെ സാമ്പത്തിക സഹായം നല്‍കി ഒപ്പം ചേര്‍ക്കുകയായിരുന്നു.


'അങ്കാറ പ്ലാന്‍' എന്നാണ് പദ്ധതിയുടെ രഹസ്യ നാമം. ഇതു പ്രകാരമായിരുന്നു ഐ.എച്ച്.എച്ചുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ചകള്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ. പി. കോയ എന്നിവരാണ് ഇസ്താംബൂളിലെത്തി ഐ.എച്ച്.എച്ചിന്റെ ആതിഥേയത്വം സ്വീകരിച്ചത്. 2016 ല്‍ തുര്‍ക്കിയില്‍ അട്ടിമറി ശ്രമമുണ്ടായപ്പോള്‍ എര്‍ദോഗനെ പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രസ്താവന ഇറക്കിയിരുന്നു.

സിറിയയിലെ അല്‍ ഖ്വയ്ദ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നതായി ആരോപണം നേരിടുന്ന ഐ.എച്ച്.എച്ചിലൂടെയാണ് ദോഹ വഴി പോപ്പുലര്‍ ഫ്രണ്ടിന് ധനസഹായം നല്‍കിയത്. ഇന്ത്യയിലെത്തിയ പണം പോപ്പുലര്‍ ഫ്രണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

തുര്‍ക്കിയില്‍ മനുഷ്യാവകാശ സംഘടനയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.എച്ചിന് അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് സ്റ്റോക് ഹോം ആസ്ഥാനമായ തീവ്രവാദ നിരീക്ഷണ സംവിധാനമായ നോര്‍ഡിക് മോണിറ്ററിംഗ് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.