തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമനിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ അവസാനം സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. നിയമനിര്‍മാണം എങ്ങനെ വേണമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ആഭ്യന്തര, നിയമ സെക്രട്ടറിമാരും നിയമപരിഷ്‌ക്കാര കമ്മിഷന്‍ പ്രതിനിധിയും യോഗം ചേരും. അടുത്ത സഭാ സമ്മേളനത്തില്‍ ബില്ലായി അവതരിപ്പിക്കാനാണ് തീരുമാനം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിയമപരിഷ്‌ക്കരണ കമ്മിഷന്‍ കരടു ബില്‍ തയാറാക്കിയിരുന്നു. ഇത് ഏറെ നാളായെങ്കിലും നിയമനിര്‍മാണത്തിലേക്കു കടന്നിരുന്നില്ല. പത്തനംതിട്ടയില്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ കര്‍ണാടകയും മഹാരാഷ്ട്രയും നിയമനിര്‍മാണം നടത്തിയിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് കേരളവും നിയമനിര്‍മാണത്തിനു ശ്രമം ആരംഭിച്ചത്. കരടു ബില്ലില്‍ നിന്ന് എന്തെല്ലാം ഒഴിവാക്കണമെന്നും കൂട്ടിച്ചേര്‍ക്കണമെന്നതും സംബന്ധിച്ച പ്രാഥമിക ചര്‍ച്ച ഇന്നു നടത്തുമെന്ന് നിയമവകുപ്പ് അറിയിച്ചു. പിന്നീട് നിയമ, ആഭ്യന്തര മന്ത്രിമാരുടെ അഭിപ്രായം തേടിയ ശേഷം ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും.
അതേസമയം നിയമ നിര്‍മ്മാണം സംബന്ധിച്ച് കഴിഞ്ഞ പത്തു വര്‍ഷമായി നടക്കുന്നത് വെറും ചര്‍ച്ചകള്‍ മാത്രമാണെന്ന ആക്ഷേപവും ഉണ്ട്. നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കിയ കരടുബില്‍ സംബന്ധിച്ച നിയമം നിര്‍മിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റിലും സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിരുന്നില്ല.
കേരള പോലീസില്‍ അഡീഷണല്‍ ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രന്‍ അന്ധ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ ബില്‍-2014 എന്ന പേരില്‍ ഒരു നിയമം തയ്യാറാക്കിയിരുന്നു. നിരവധി പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം തയ്യാറാക്കിയ ബില്ലില്‍ അന്ധ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഏഴ് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് നിര്‍ദേശിച്ചത്.
വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം നിയമം കൊണ്ടുവരുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല നിയമസഭയിലടക്കം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചെങ്കിലും പിന്നീടൊന്നും നടന്നില്ല. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ ഭരണ പരിഷ്‌കരണ കമ്മിഷന്‍ 2019 തയ്യാറാക്കിയ 'ദുര്‍മന്ത്രവാദ, ആഭിചാര ക്രിയകള്‍ തടയലും ഇല്ലാതാക്കലും ബില്‍' ഉടന്‍ പരിഗണിക്കുമെന്ന് ഈ സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും അതും ചുവപ്പു നാടയില്‍ ബന്ധിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എത്രയും പെട്ടെന്ന് ബില്ല് നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
അതേസമയം മതസ്ഥാപനങ്ങളില്‍ നടക്കുന്ന പരമ്പരാഗത ചടങ്ങുകളെയും ആഘോഷങ്ങളെയും ബില്ലിന്റെ പരിധിയില്‍
നിന്ന് ഒഴിവാക്കും.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ ശിക്ഷയും 5000 മുതല്‍ 50,000രൂപവരെ പിഴയുമാണ് കരട് ബില്ലില്‍ വ്യവസ്ഥ ചെയ്തത്. ഒരാളുടെ അനുമതിയോടെ അനാചാരങ്ങള്‍ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാല്‍ ഐപിസിയില്‍ കൊലപാതകത്തിനു പറയുന്ന ശിക്ഷ (ഐപിസി 300) നല്‍കണം.
ഗുരുതരമായ പരുക്കാണെങ്കില്‍ ഐപിസി 326 അനുസരിച്ചാണ് ശിക്ഷ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയാല്‍ ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും 5000 മുതല്‍ 50,000രൂപവരെ പിഴയും ശിക്ഷ. തട്ടിപ്പിനെ സഹായിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. കമ്പനിയാണ് തട്ടിപ്പിന് ഉത്തരവാദിയെങ്കില്‍ തട്ടിപ്പു നടന്ന സമയത്ത് കമ്പനിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.