കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ആരാധനക്രമ തര്‍ക്കത്തിൽ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വത്തിക്കാൻ കാര്യാലയം ആവർത്തിച്ചതായി അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത്. മാര്‍ താഴത്ത് തന്നെ പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോമില്‍ ഫ്രാൻസിസ് മാര്‍പാപ്പയെ കണ്ട് പുറത്തിറങ്ങിയ ശേഷമാണ് വീഡിയോ ചെയ്യുന്നതെന്നും മാര്‍ താഴത്ത് പറയുന്നു.
മാർപാപ്പയെ അംഗീകരിക്കുന്നുവെന്ന് പറയുകയും അദ്ദേഹത്തെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം വത്തിക്കാൻ പങ്കുവെച്ചതായും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സിനഡ് നിർദേശങ്ങളെ എതിർക്കുന്നവരോട് "അനുസരിക്കാൻ പറയൂ" എന്നാണ് മാർപാപ്പ പ്രതികരിച്ചത്.
അതിരൂപതയിലെ വിവരങ്ങള്‍ അറിയിക്കാനാണ് താന്‍ വന്നതെന്ന് പറഞ്ഞയുടനെ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ വിവരങ്ങൾ കൃത്യമായി അറിയാമെന്ന രീതിയിലാണ് പ്രതികരിച്ചത്. അവരോട് സിനഡിനെ അനുസരിക്കാന്‍ പറയുക. നിങ്ങള്‍ സീറോ മലബാര്‍ രീതിയിലാണ് കുര്‍ബാന അര്‍പ്പിക്കേണ്ടതെന്നാണ് മാർപാപ്പ പറഞ്ഞതെന്നും മാര്‍ താഴത്ത് പറഞ്ഞു. വളരെ കുറച്ചു വാക്കുകള്‍ മാത്രമേ മാര്‍പാപ്പ പറഞ്ഞുള്ളു. പക്ഷേ, വാക്കുകള്‍ വളരെ ശക്തമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റിനെ കണ്ട് വിവരങ്ങൾ പറയാനും പാപ്പ നിര്‍ദേശിച്ചു. പൗരസ്ത്യ കാര്യാലയത്തിലെ പ്രീഫക്ടറും മറ്റ് വ്യക്തികളുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തി. എറണാകുളത്ത് നിന്ന് പല തരത്തിലുള്ള കത്തുകളും നിവേദനങ്ങളും റിപ്പോര്‍ട്ടുകളും വീഡിയോകളും മറ്റും പരിശുദ്ധ സിഹാസനം പഠിക്കുകയും വിലയിരുത്തുകയും ചെയ്തതായി അവരില്‍ നിന്ന് മനസ്സിലാക്കിയതായും മാർ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.
ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് വത്തിക്കാൻ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മാര്‍പാപ്പയെ കണ്ടശേഷം എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരിയായിരുന്ന ആന്റണി കരിയിൽ അതിരൂപതയ്ക്ക് ജനാഭിമുഖ കുര്‍ബാന തുടരാന്‍ ഒഴിവ് ലഭിച്ചുവെന്ന് പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.
2021 നവംബര്‍ 25നാണ് കരിയില്‍ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ അതിന് ശേഷം എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പൂര്‍ണ്ണമായ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാന്‍ പ്രത്യേക അനുവാദം മാര്‍പാപ്പ നല്‍കിയെന്ന തെറ്റായ പ്രചാരണം മാര്‍പാപ്പയേയും പരിശുദ്ധ സിംഹാസനത്തേയും വേദനിപ്പിച്ചു.
മാര്‍പാപ്പയെ അദ്ദേഹം സന്ദര്‍ശിച്ചപ്പോള്‍ ചില സാങ്കേതിക കാര്യങ്ങളെ കുറിച്ച് സംശയം പ്രകടിപ്പിച്ചപ്പോള്‍ വിഷയം പൗരസ്ത്യ സഭകളുടെ കാര്യലയത്തിലെ പ്രീഫെക്ടിനെ കണ്ട് സംസാരിക്കാന്‍ മാത്രമാണ് മാര്‍പാപ്പ പറഞ്ഞത്. കരിയില്‍ പിതാവിന് മാര്‍പാപ്പയുമായി സ്വകാര്യ സംഭാഷണത്തിന് വഴിയൊരുക്കിയ ക്ലരീഷ്യന്‍ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലിന് ഇക്കാര്യത്തില്‍ മാര്‍പാപ്പ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ആ കത്ത് അദ്ദേഹം തന്നെ കാണിച്ചുവെന്ന് മാര്‍ താഴത്ത് പറയുകയും ഒപ്പം തന്നെ വീഡിയോയില്‍ ഒരു കത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി എല്ലാവരും അനുസരിക്കണമെന്നാണ് മാര്‍പാപ്പ ആവശ്യപ്പെടുന്നത്. വൈദികരോട് തിരുപ്പട്ടത്തിന്റെ അവസരത്തില്‍ എടുത്ത പ്രതിജ്ഞ ഓര്‍ക്കണമെന്നും പ്രീഫെക്ട് അവരെ ഓര്‍മ്മിപ്പിക്കാന്‍ തന്നോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായും മാർ താഴത്ത് വ്യക്തമാക്കി. തക്സയില്‍ കാണുന്ന പോലെ ആരാധനക്രമത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ഐക്യരൂപമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
2022 ജൂലായ് 30ന് അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ആയി തന്നെ നിയമിക്കുമ്പോള്‍ സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന നടപ്പാക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. 2022 സെപ്തംബര്‍ 22ലെ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് സിനഡ് കുര്‍ബാന നടപ്പാക്കുന്നതില്‍ താന്‍ സര്‍ക്കുലര്‍ ഇറക്കിയത്. ചില പ്രത്യേക സാഹചര്യത്തില്‍ കുറച്ചുനാളത്തേക്ക് ഒഴിവു നല്‍കാമെന്നും താന്‍ എഴുതിയിരുന്നു.
അങ്ങനെയൊരു സര്‍ക്കുലര്‍ എഴുതിയില്ലായിരുന്നുവെങ്കില്‍ താനും ചെയ്യുന്നത് അനുസരണക്കേടാകുമായിരുന്നു. സര്‍ക്കുലറിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ താന്‍ നല്‍കിയത് വത്തിക്കാൻ പഠിച്ചു. ഇത് പ്രകാരം കുര്‍ബാന അര്‍പ്പിക്കാന്‍ പരിശുദ്ധ സിംഹാസനം അതിരൂപതയിലെ ദൈവജനത്തോട് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ആരാധനാക്രമം അടക്കമുള്ള കാര്യങ്ങളില്‍ സഭാ ജീവിതത്തില്‍ അച്ചടക്കത്തിന്റെ ആവശ്യകതയെ കുറിച്ച് ഈ കാര്യാലയങ്ങളിലെ പ്രീഫെക്ടും മറ്റ് ഭാരവാഹികളും തന്നോട് ആവശ്യപ്പെട്ടു. ഔദ്യോഗിക പദവികളില്‍ ഇരിക്കുന്നവരുടെ ചില പ്രവര്‍ത്തികളും ഔദ്യോഗികമെന്ന് പറയുന്ന ചില മാധ്യമ വാര്‍ത്തകളും സഭയുടെ അധികാരികള്‍ക്കും ആചാരങ്ങള്‍ക്കും എതിരെ വിദ്വേഷവും വിരോധവും പകയും ഉളവാക്കുന്നതാണെന്ന് അവര്‍ വിലയിരുത്തിയിട്ടുണ്ടെന്നും ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
അച്ചടക്ക നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത അവര്‍ തന്നോട് ആവര്‍ത്തിച്ചു പറഞ്ഞു. സഭ ഇന്ന് വളരെ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാര്‍പാപ്പയോടും സിനഡ് പിതാക്കന്മാരോടും എറണാകുളത്തെ സഭാ നേതൃത്വത്തോടും ദൈവജനത്തോടും ചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ്മയിലും സ്നേഹത്തിലും വര്‍ത്തിക്കാന്‍ എല്ലാവരും സഹകരിക്കമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും മാര്‍ താഴത്ത് വീഡിയോയില്‍ പറയുന്നു.
സഭയിലെ പ്രശ്നങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളോടുമുളള അസഹിഷ്ണുതയും അദ്ദേഹം വീഡിയോയില്‍ മറച്ചുവയ്ക്കുന്നില്ല. എറണാകുളത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെടുത്തി ആരാധനാക്രമ കാര്യങ്ങള്‍ തെറ്റിദ്ധരണാപരവും വൈകാരികവുമായി അവതരിപ്പിക്കുന്ന രീതി ദുരുദ്ദേശപരമായി മാത്രമേ കാണാൻ കഴിയു. ഭൂമി ഇടപാടുകളില്‍ വത്തിക്കാന്‍ കാര്യാലയം വ്യക്തമായ തീരുമാനം നല്‍കിയിട്ടുണ്ടെന്നും മാർ താഴത്ത് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.