ഗുജറാത്ത്: നെഹ്റു കൊണ്ടുവന്ന ഭരണഘടനാ അനുഛേദം 370 ഉള്ളതിനാൽ കാശ്‌മീർ ആകെ നശിക്കുകയായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കാശ്‌മീരിൽ ജവഹർലാൽ നെഹ്റു ചെയ്ത പിഴവ് ശരിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും അത് എടുത്തു കളഞ്ഞ പ്രധാനമന്ത്രി കാശ്‌മീരിനെ പൂർണമായും രാജ്യത്തോട് ചേർത്തുവെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്തിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
“നെഹ്റു വരുത്തിയ പിഴവ് മൂലം കാശ്‌മീരിനെ വേണ്ട വിധം രാജ്യത്തോട് ചേർക്കാൻ കഴിയുന്നില്ലായിരുന്നു. അത് നീക്കാൻ എല്ലാവരും ആഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അത് എടുത്തുകളയുകയും കാശ്‌മീരിനെ പൂർണമായും രാജ്യത്തോട് ചേർക്കുകയും ചെയ്തു.”- ഷാ പറഞ്ഞു.
1954ൽ ജവഹർ ലാൽ നെഹ്‌റുവിന്റെ ഭരണകാലത്താണ് ഭരണഘടനയുടെ 35ാം അനുഛേദം എ പ്രകാരമാണ് കാശ്‌മീരിന് പ്രത്യേക പദവി നൽകിയത്. നെഹ്‌റു മന്ത്രിസഭയുടെ നിർദേശ പ്രകാരം പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് 35എ എന്ന വകുപ്പ് ഭരണഘടനയിൽ ചേർക്കാൻ ഉത്തരവിടുകയായിരുന്നു. ഭരണഘടന അനുഛേദം 370 പ്രകാരം പ്രസിഡൻഷ്യൽ ഓർഡറിലൂടെയാണ് 35എ ഉൾപെടുത്തിയത് എന്നതിനാൽ ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്തിരുന്നില്ല. 368 (i) പ്രകാരം പാർലമെന്റിന് മാത്രമേ ഭരണഘടനയിൽ ഭേദഗതി വരുത്താൻ സാധിക്കൂ എന്നുണ്ട്.
35 എ പ്രകാരം ജമ്മു കാശ്‌മീർ സംസ്ഥാന സർക്കാരിന് തദ്ദേശവാസികൾ ആരാണെന്ന് നിർണയിക്കാനുള്ള സമ്പൂർണ അധികാരമുണ്ട്. സംസ്ഥാന പൊതുമേഖലയിലെ നിയമനം, സംസ്ഥാനത്തിനകത്തെ വസ്തുക്കൾ ഏറ്റെടുക്കൽ, സ്‌കോളർഷിപ്പുകൾ മറ്റ് ധനസഹായങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയ്‌ക്കെല്ലാം ഭരണഘടനയിലെ ഈ വകുപ്പ് പ്രത്യേക സ്വാതന്ത്ര്യാനുമതി നൽകുന്നു. 35 എയ്ക്ക് കീഴിൽ വരുന്ന സംസ്ഥാന സർക്കാരിന്റെ ഒരു പ്രവൃത്തിയേയും ഇന്ത്യൻ ഭരണഘടനയുടെ ലംഘനമായി കണക്കാക്കി ചോദ്യം ചെയ്യരുതെന്നും നിയമത്തിൽ അനുശാസിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.