കുട്ടനാടിന്റെ സമഗ്ര വികസനത്തിന് വികസന ഏകോപന കൗണ്‍സില്‍; മുഖ്യമന്ത്രി ചെയര്‍മാന്‍

കുട്ടനാടിന്റെ സമഗ്ര വികസനത്തിന് വികസന ഏകോപന കൗണ്‍സില്‍; മുഖ്യമന്ത്രി ചെയര്‍മാന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തി കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിക്കുന്നതിനും മുഖ്യമന്ത്രി ചെയര്‍മാനായി കുട്ടനാട് വികസന ഏകോപന കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനം. 

കൗണ്‍സിലിന്റെ കീഴില്‍ മോണിറ്ററിംഗ് ആന്‍ഡ് അഡൈ്വസൈറി കൗണ്‍സില്‍, ഇംപ്ലിമെന്റേഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ കമ്മറ്റി എന്നിവ രൂപീകരിക്കും. ആസൂത്രണ വകുപ്പില്‍ രൂപീകരിക്കപ്പെടുന്ന കുട്ടനാട് സെല്‍ കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ സംസ്ഥാനതല സെക്രട്ടേറിയറ്റായും ജില്ലാ പ്ലാനിംഗ് ഓഫീസിനെ ജില്ലാതല സെക്രട്ടേറിയേറ്റായും രൂപീകരിക്കും.

കുട്ടനാട് ഏകോപന കൗണ്‍സിലിന്റെ ചെയര്‍മാനായി മുഖ്യമന്ത്രിയും വൈസ് ചെയര്‍മാനായി കൃഷി വകുപ്പ് മന്ത്രിയും സെക്രട്ടറിയായി ആസൂത്രണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പ്രവര്‍ത്തിക്കും. റവന്യു, സഹകരണം, ഭക്ഷ്യം, ജലവിഭവം, വൈദ്യുതി, ഫിഷറീസ് മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പ് മന്ത്രിമാര്‍ കൗണ്‍സില്‍ അംഗങ്ങളായിരിക്കും. 

40 അംഗ കൗണ്‍സിലില്‍ വിവിധ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും ചീഫ് എന്‍ജിനീയര്‍മാരും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും അംഗങ്ങളായിരിക്കും.

നെല്‍ക്കൃഷിയെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുക. കാലം തെറ്റിയ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും അനുയോജ്യമാകും വിധമുള്ള കാര്‍ഷിക കലണ്ടറും കൃഷിരീതിയും നടപ്പിലാക്കുക. വിളനാശവും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുക. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍കൃതമാക്കുക. അതിനാവശ്യമായ യന്ത്രങ്ങള്‍ സമാഹരിക്കുക എന്നിവയാണ് കൗണ്‍സിലിന്റെ ദൗത്യം. കൗണ്‍സില്‍ ആറ് മാസത്തിലൊരിക്കല്‍ യോഗം ചേരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.