ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നതിൽ അന്വേഷണം ആരംഭിച്ച് തമിഴ്നാട്. വാടക ഗർഭധാരണ നടപടിക്രമങ്ങളെക്കുറിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിക്കുക.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വാടക ഗര്‍ഭധാരണവും ചികിത്സയും പ്രസവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതുവരെ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നയൻതാരയുടെ ഒരു ബന്ധുവാണ് വാടക ഗർഭധാരണത്തിന് തയ്യാറായതെന്നും സൂചനകളുണ്ട്. വാടക ഗർഭധാരണത്തിനായി ഇരുവരും സമീപിച്ച ആശുപത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.
ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നയന്‍താരയും വിഘ്നേഷും രാജ്യത്തെ വാടക ഗർഭധാരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നതോടെ ഇതില്‍ അന്വേഷണം നടത്തുമെന്നും ദമ്പതികളോട് ഇത് സംബന്ധിച്ച് വിശദീകരണം തേടുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്ത് നിലവിലെ വാടക ഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല, വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് തമിഴ്‍നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവനും വിവാഹിതരായത്. തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നതായി കഴിഞ്ഞ ദിവസമാണ് വിഘ്നേഷ് ശിവന്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ കുട്ടികള്‍ ജനിച്ചത് വാടക ഗര്‍ഭധാരണത്തിലൂടെയാണെന്നും ഇത് രാജ്യത്തെ വാടക ഗർഭധാരണ നിയന്ത്രണ നിയമത്തിന് വിരുദ്ധമായാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.